പൂര്‍ണമായും വിദേശി, ഇന്ത്യയിലെത്തുമ്പോള്‍ വില 37.20 ലക്ഷം രൂപ മുതല്‍ 39.16 ലക്ഷം രൂപ വരെ. പറയുന്നത് ഒരു ബൈക്കിനെ കുറിച്ചാണ്. എന്തൊക്കെ ഫീച്ചറുകള്‍ ഉണ്ടെന്ന് പറഞ്ഞാലും ഇത്രയും വില നല്‍കി ഈ ബൈക്കൊക്കെ ആരെങ്കിലും വാങ്ങുമോ എന്ന് ചിലരെങ്കിലും ചോദിച്ച് പോയേക്കാം. എന്നാല്‍, ഈ ബൈക്ക് ഇന്ത്യയില്‍ എത്തുന്നതിന് മുമ്പുതന്നെ വിറ്റു തീര്‍ന്നു എന്നതാണ് വസ്തുത.

ജൂണ്‍ അവസാന വാരമാണ് ഹേണ്ടയുടെ ആഡംബര ടൂറിങ്ങ് ബൈക്കായ ഗോള്‍ഡ്‌വിങ്ങിന്റെ പുതുതലമുറ ഇന്ത്യക്കായി പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ബൈക്കിന്റെ ബുക്കിങ്ങും ആരംഭിച്ചിരുന്നു. എന്നാല്‍, 24 മണിക്കൂറിനകം ഗോള്‍ഡ്‌വിങ്ങിന്റെ ആദ്യ ബാച്ചിന്റെ ബുക്കിങ്ങ് പൂര്‍ത്തിയാകുകയായിരുന്നു. വിദേശത്ത് നിര്‍മിച്ചാണ് ഈ ബൈക്ക് എത്തുന്നത്. 

ഹോണ്ടയുടെ എക്സ്‌ക്ല്യൂസീവ് പ്രീമിയം ഡീലര്‍ഷിപ്പുകളായ കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ ബിഗ്വിങ്ങ് ഡീലര്‍ഷിപ്പുകളിലാണ് ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. ഈ മാസം മുതല്‍ ഗോള്‍ഡ്‌വിങ്ങിന്റെ ഇന്ത്യയിലെ വിതരണം ആരംഭിക്കുമെന്നാണ് ഹോണ്ട ടൂ വീലേഴ്സ് അറിയിച്ചിരുന്നത്.

സ്റ്റൈലിലും കരുത്തിലും ഏറെ സവിശേഷതകളുമായാണ് 2021 ഗോള്‍ഡ് വിങ്ങ് ടൂര്‍ എത്തിയിട്ടുള്ളത്. ഡബിള്‍ വിഷ്ബോണ്‍ ഫ്രണ്ട് സസ്പെന്‍ഷന്‍, ആറ് സിലിണ്ടര്‍ എന്‍ജിന്‍ എക്സ്ഹോസ്റ്റുകള്‍, കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയുള്ള ഇലക്ട്രിക് സ്‌ക്രീന്‍, രണ്ട് എല്‍.ഇ.ഡി. ഫോഗ്ലാമ്പ്, ക്രൂയിസ് കണ്‍ട്രോള്‍ സ്വീച്ച് തുടങ്ങിയവ ഗോള്‍ഡ് വിങ്ങ് ടൂറിന്റെ പുതിയ പതിപ്പില്‍ നല്‍കിയിട്ടുണ്ട്. സീറ്റുകളും മറ്റ് ഫീച്ചറുകളും മുന്‍ മോഡലിലേതിന് സമാനമായാണ് പുതിയ പതിപ്പിലും ഒരുങ്ങിയിട്ടുള്ളത്. 

ഓഡിയോയും നാവിഗേഷന്‍ വിവരങ്ങളും നല്‍കിയിട്ടുള്ള ഏഴ് ഇഞ്ച് ഫുള്‍ കളര്‍ ടി.എഫ്.ടി. ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ സ്‌ക്രീനാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്. റൈഡിങ്ങ് മോഡലുകളും സസ്പെന്‍ഷന്‍ അഡ്ജസ്റ്റ്മെന്റും ഈ സ്‌ക്രീനില്‍ തന്നെ സാധ്യമാണ്. വാഹനത്തിന്റെ ടയര്‍ പ്രഷറും ഈ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ, വാഹനത്തിലെ എല്ലാ സംവിധാനങ്ങളും സജീവമാക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ടി കീയും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

1833 സി.സി. ലിക്വിഡ് കൂള്‍ഡ് 4 സ്‌ക്രോക്ക് 24 വാല്‍വ് എസ്.ഒ.എച്ച്.സി. എന്‍ജിനാണ് 2021 ഗോള്‍ഡ് വിങ്ങില്‍ നല്‍കിയിട്ടുള്ളത്. 93 കിലോവാട്ട് പവറും 170 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ത്രോട്ടില്‍ ബൈ വയര്‍ എന്‍ജിന്‍ മാനേജ്മെന്റില്‍ ടൂര്‍, സ്പോര്‍ട്ട്, ഇക്കോ, റെയിന്‍ എന്നീ നാല് റൈഡ് മോഡുകളും ഈ ബൈക്കിലുണ്ട്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനിലുമാണ് ഗോള്‍ഡ് വിങ്ങ് എത്തിയിട്ടുള്ളത്.

Content Highlights: Honda Touring Bike Goldwing Booking Over In 24 Hours