ന്ത്യയിലെ മിഡ്-സൈസ് മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ എത്തിയ ഹോണ്ടയുടെ രണ്ടാമത്തെ മോഡലായ സി.ബി.350 ആര്‍.എസിന്റെ വിതരണം ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ആരംഭിച്ചു. ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ ഔട്ട്‌ലെറ്റായ ബിഗ്‌ വിങ്ങിലൂടെയാണ് ഈ ബൈക്കുകള്‍ നിരത്തുകളില്‍ എത്തുന്നത്. ഫെബ്രുവരി 16-നാണ് ഈ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. വിദേശനിരത്തുകളെ കൂടി ലക്ഷ്യമാക്കിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 

ഹോണ്ട പുറത്തിറക്കിയ ഹൈനസ് സി.ബി.350-ക്ക് ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് ഈ ബൈക്കിന്റെ സ്‌പോര്‍ട്ടി ഭാവമായ സി.ബി.350 ആര്‍.എസ് പുറത്തിറക്കിയതെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. ഹോണ്ടയുടെ സി.ബി. ബ്രാന്റിന്റെ പാരമ്പര്യം വെളിപ്പെടുത്തുന്ന രൂപത്തിലാണ് സി.ബി.350 ആര്‍.എസ്. രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മേധാവി അഭിപ്രായപ്പെടുന്നത്. 

ഹൈനസ് സി.ബി.350-യെക്കാള്‍ സ്പോര്‍ട്ടിയാണ് 350 ആര്‍.എസ്. ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള ഫ്യുവല്‍ ടാങ്ക്, ഫുള്‍ എല്‍.ഇ.ഡി.ഹെഡ്ലാമ്പ് എന്നിവയാണ് ഈ ബൈക്കിന് മുന്‍ മോഡലില്‍ നിന്നുള്ള പ്രധാന മാറ്റം. റോഡ് സെയ്ലിങ്ങ് എന്നതിന്റെ ചുരുക്കമായാണ് ആര്‍.എസ്. എന്ന് നല്‍കിയിരിക്കുന്നത്.സ്‌റ്റൈലിഷായാണ് പിന്‍വശം ഒരുക്കിയിരിക്കുന്നത്. ചെറിയ ടെയ്ല്‍ലാമ്പ്, പിന്നിലേക്ക് നീണ്ടിരിക്കുന്ന മഡ്ഗാര്‍ഡ്, ചെറിയ ഇന്റിക്കേറ്ററുകള്‍ എന്നിവയാണ് പിന്‍വശത്തെ അലങ്കരിക്കുന്നത്.

ഹൈനസില്‍ നല്‍കിയിട്ടുള്ള 348 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സി.ബി.350 ആര്‍.എസിനും കരുത്തേകുന്നത്. ഇത് 20.8 ബി.എച്ച്.പി.പവറും 30 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പര്‍ ക്ലെച്ച് സംവിധാനത്തിനൊപ്പം അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ജാവ 42, ബെനെലി ഇംപീരിയാലെ 400 എന്നീ ബൈക്കുകളാണ് സി.ബി.350 ആര്‍.എസിന്റെ എതിരാളികള്‍.

ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ആറ് വര്‍ഷത്തെ വാറണ്ടി പാക്കേജുമായാണ് ഈ വാഹനം നിരത്തുകളില്‍ എത്തിക്കുന്നത്. ഇതിന് പുറമെ, മികച്ച ആഫ്റ്റര്‍ സെയില്‍സ് സര്‍വീസുകളും ഹോണ്ട ഉറപ്പു നല്‍കുന്നുണ്ട്. റേഡിയന്റ് റെഡ് മെറ്റാലിക്, ബ്ലാക്ക് വിത്ത് പേള്‍ സ്‌പോര്‍ട്‌സ് യെല്ലോ എന്നീ നിറങ്ങളിലാണ് ഈ ബൈക്ക് എത്തിയിട്ടുള്ളത്. ഇവയ്ക്ക യഥാക്രമം 1.96 ലക്ഷം രൂപയും 1.98 ലക്ഷം രൂപയുമാണ് എക്‌സ് ‌ഷോറും വില.

Content Highlights: Honda starts customer deliveries of all new CB350RS