രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹ നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ബി.എസ്. 6 എന്‍ജിനിലുള്ള ടൂവീലറുകളുടെ ആഭ്യന്തര വില്പന 11 ലക്ഷം യൂണിറ്റ് കടന്നു. 2019-20 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ത്തന്നെ കമ്പനി 6.5 ലക്ഷം യൂണിറ്റുകള്‍ വില്പന നടത്തിയിരുന്നു.

എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ ടെക്‌നോളജി, എ.സി.ജി. സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, കുറഞ്ഞ ഫ്രിക്ഷന്‍ നഷ്ടം, പ്രോഗ്രാം ചെയ്ത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എന്‍ജിന്‍, ആറുവര്‍ഷത്തെ വാറന്റി തുടങ്ങിയവയാണ് ഹോണ്ടയുടെ ബിഎസ്-6 എന്‍ജിന്‍ വാഹനങ്ങളുടെ പ്രത്യേകതകള്‍. കൂടുതല്‍ ഇന്ധനക്ഷമതയും മികച്ച പ്രകടനവും ഉറപ്പാക്കാനാണ് ഈ സംവിധാനങ്ങള്‍ ഒരുക്കുന്നത്. 

വൈവിധ്യമാര്‍ന്ന 11 പുതിയ ബി.എസ്. 6 മോഡലുകള്‍ ഉള്‍പ്പെട്ടതാണ് ഹോണ്ടയുടെ ഇരുചക്രവാഹന ശ്രേണി. ഇതില്‍ നാല് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ (ആക്ടീവ 6ജി, ഡിയോ, ആക്ടീവ 125, ഗ്രാസിയ 125), ആറ് മോട്ടോര്‍സൈക്കിളുകള്‍ (സിഡി ഡ്രീം, ലിവോ, ഷൈന്‍, എസ്പി 125, യൂണിക്കോണ്‍, എക്‌സ്‌ബ്ലേഡ്), 1,100 സി.സി.യുടെ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു.

Content Highlights: Honda Sold 11 Lakhs Unit BS-6 Engine Two Wheeler In India