ന്ത്യയിലെ ഇരുചക്ര വാഹനങ്ങളില്‍ അതിവേഗം വളരുന്ന 180-200 സി.സി. ശ്രേണിയില്‍ പുത്തന്‍ മോഡല്‍ അവതരിപ്പിച്ച് രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. ഹോണ്ട് സി.ബി.200 എക്‌സ് എന്ന മോഡലാണ് ഹോണ്ട പുതുതായി എത്തിച്ചിട്ടുള്ളത്. ഹീറോയുടെ എക്‌സ്-പള്‍സ് 200 പ്രധാന എതിരാളിയാകുന്ന ഈ ബൈക്കിന് 1.44 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. 

ഏറ്റവും മികച്ച രൂപകല്‍പ്പനയ്‌ക്കൊപ്പം നൂതനമായ സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളിച്ചാണ് ഈ ബൈക്ക് എത്തിയിട്ടുള്ളതെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. പ്രസ്തുത ശ്രേണിയില്‍ പുതിയ ട്രെന്റ് സൃഷ്ടിക്കാന്‍ ശേഷിയുള്ള മോഡലെന്നാണ് നിര്‍മാതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹോണ്ട പേറ്റന്റ് സ്വന്തമാക്കിയിട്ടുള്ള മൂന്ന് ഫീച്ചറുകള്‍ ഈ ബൈക്കില്‍ നല്‍കിയതാണ് പ്രധാന ഹൈലൈറ്റ്.

ഹോണ്ടയുടെ ഐതിഹാസിക അഡ്വഞ്ചര്‍ ബൈക്കുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ ബൈക്കിന്റെ ഡിസൈനിങ്ങ് നിര്‍വഹിച്ചിരിക്കുന്നത്. ചെറിയ വിന്‍ഡ് സ്‌ക്രീന്‍, പ്ലാസ്റ്റിക് എന്‍ജിന്‍ ബാഷ്-പ്ലേറ്റ്, നോക്കിള്‍ ഗാര്‍ഡ്, സ്‌റ്റെപ്പായി നല്‍കിയിട്ടുള്ള സീറ്റ്, ഗോള്‍ഡന്‍ ഫിനീഷിങ്ങ് നല്‍കിയിട്ടുള്ള ഫോര്‍ക്ക്, വലിപ്പം കുറഞ്ഞ എക്‌സ്‌ഹോസ്റ്റ്, മള്‍ട്ട് സ്‌പോക്ക് അലോയി വീലുകള്‍ എന്നിവ ചേര്‍ന്നാണ് ഡിസൈനിങ്ങ് ആകര്‍ഷകമാക്കിയിട്ടുള്ളത്. 

ഡിജിറ്റല്‍ ലിക്വിഡ് ക്രിസ്റ്റല്‍ മീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്റിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്റിക്കേറ്റര്‍, ബാറ്ററി വോള്‍ട്ട് മീറ്റര്‍, എല്‍.ഇ.ഡി. ലൈറ്റ് സെറ്റപ്പ്, എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സ്വിച്ച്, ഹസാഡ് ലാമ്പുകള്‍ എന്നിവയാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ള ഫീച്ചറുകള്‍. മുന്നില്‍ യു.എസ്.ഡി. ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് ഈ ബൈക്കില്‍ സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്. ബ്ലോക്ക് പാറ്റേണ്‍ ടയറുകളാണ് സി.ബി. 200 എക്‌സില്‍ നല്‍കിയിട്ടുള്ളത്. 

184 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഇത് 17 ബി.എച്ച്.പി. പവറും 16.1 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. എട്ട് ഓണ്‍-ബോര്‍ഡ് സെന്‍സറുകള്‍ നല്‍കിയുള്ള ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമാണ് എന്‍ജിനില്‍ നല്‍കിയിട്ടുള്ളത്. ഇത് മെച്ചപ്പെട്ട പ്രകടനം ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Content Highlights: Honda sets a new trend in 180-200cc segment, Launches the all-new CB200X