രാജ്യത്തെ ഇരുചക്ര വാഹന വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട. ഇതിനായി ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ ജാപ്പനീസ് തറവാട്ടില്‍ നിന്ന് ഒരുപിടി പുതുമുഖ താരങ്ങളെ ഇങ്ങെട്ടെത്തിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചിരുന്നു. ബൈക്കുകള്‍ക്കൊപ്പം സ്‌കൂട്ടര്‍ ശ്രേണിയിലും കമ്പനി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. ഇതിന്റെ ഭാഗമായി ഹോണ്ട നിരയിലെ കുഞ്ഞന്‍ സ്‌കൂട്ടര്‍ സ്‌കൂപ്പി ഇന്ത്യയിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒടുവിലിപ്പോള്‍ സ്‌കൂപ്പിയുടെ ആദ്യ ടെസ്റ്റ് റൈഡ് ചിത്രങ്ങള്‍ ചില ഓട്ടോവെബ്‌സൈറ്റുകാരുടെ കഴുകന്‍ കണ്ണില്‍ പതിഞ്ഞുകഴിഞ്ഞു. 

Scoopy
Courtesy; GaddiWaddi

മെട്രോപൊളിറ്റന്‍ നെയിം പ്ലേറ്റിന് കീഴില്‍ അമേരിക്കയിലും ഇന്‍ഡൊനേഷ്യയിലും വിലസുന്ന സ്‌കൂപ്പി വരുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഹോണ്ട ഇന്ത്യ വ്യക്തത നല്‍കിയിട്ടില്ല. രൂപത്തില്‍ വെസ്പ സ്‌കൂട്ടറുകളോട് ചെറുതല്ലാത്ത സാമ്യമുണ്ട്. ഇറ്റാലിയന്‍ ഡിസൈന്‍ ബോഡിയില്‍ കാര്യമായി കയറിഇറങ്ങിയെന്ന് വ്യക്തം. 8.9 ബിഎച്ച്പി കരുത്തും 9.4 എന്‍എം ടോര്‍ക്കുമേകുന്ന 108.2 സിസി എഞ്ചിനാണ് ഇന്‍ഡൊനേഷ്യന്‍ സ്പെക്കിനെ മുന്നോട്ടു നയിക്കുക. എന്നാല്‍ ഇന്ത്യന്‍ സ്‌കൂപ്പിക്ക് ആക്ടീവ 4G-യില്‍ നല്‍കിയ എഞ്ചിന്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.  ആക്ടീവ 125 എഞ്ചിന്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

യമഹ ഫസിനോ, വെസ്പ എന്നിവയാകും സ്‌കൂപ്പിയുടെ മുഖ്യഎതിരാളികള്‍. 1844 എംഎം നീളവും 699 എംഎം വീതിയും 1070 എംഎം ഉയരവും 1240 എംഎം വീല്‍ബേസും 150 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്. 745 എംഎം ആണ് സീറ്റ് ഹൈറ്റ്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണ് സസ്പെന്‍ഷന്‍.  115 കിലോഗ്രാമാണ് ആകെ ഭാരം. 40-45 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിച്ചേക്കും. അടുത്തിടെ കമ്പനി അവതരിപ്പിച്ച ഏറ്റവും വില കുറഞ്ഞ ക്ലിഖ് സ്‌കൂട്ടറിന് സമാനമായി കുറഞ്ഞ വിലയിലാണ് സ്‌കൂപ്പിയും എത്തുകയെന്നാണ് സൂചന. ഏകദേശം 70000 രൂപയ്ക്കടുത്തായിരിക്കും കുഞ്ഞന്‍ സ്‌കൂപ്പിയുടെ വിപണി വില. 

SCOOPY