ഹോണ്ടയുടെ ക്രൂസര്‍ ബൈക്കുകള്‍ ഇന്ത്യക്കാര്‍ക്ക് അത്ര പരിചയമില്ല. എന്നാല്‍ സ്‌കൂട്ടറിലും മിഡില്‍ സെഗ്‌മെന്റ് ബൈക്കുകളിലുമുള്ള ആധിപത്യം ഇനി ക്രൂസര്‍ നിരയിലും സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട. ഇതിനായി വിദേശ നിരത്തുകളില്‍ മിടുക്കനായി വിലസുന്ന റിബെല്‍ 300 മോഡലാണ് ഹോണ്ട ഇങ്ങോട്ടെത്തിക്കുന്നത്. ഇന്ത്യന്‍ പ്രവേശനത്തിന് മുന്നോടിയായി റിബെല്‍ 300-ന്റെ പേറ്റന്റ് ജാപ്പനീസ് നിര്‍മാതാക്കള്‍ ഇന്ത്യയില്‍ സ്വന്തമാക്കിയതായാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ റിബെല്‍ 300 രൂപകല്‍പ്പനയും നിര്‍മാണവും ഇന്ത്യയില്‍ പ്രാദേശികമായാകും നടക്കുക. വാഹനത്തിന്റെ വില ഗണ്യമായി കുറയ്ക്കാനും അത് വഴിവെക്കും. 

Rebel 300

ഇന്ത്യയിലെ ക്രൂസര്‍ താരം റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350 ആയിരിക്കും റിബെലിന്റെ മുഖ്യ എതിരാളി. ബജാജ് അവഞ്ചറിനും വെല്ലുവിളി ഉയര്‍ത്താന്‍ റിബെലിന് കഴിയും. താരതമ്യേന കുറഞ്ഞ വിലയില്‍ എത്തുകയാണെങ്കില്‍ നൂതന ഫീച്ചേര്‍സും പുത്തന്‍ ഡിസൈനുമുള്ള റിബെല്‍ പെട്ടെന്ന് ജനപ്രിയനാകാന്‍ സാധ്യതയുണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ ഈ മോഡല്‍ ഹോണ്ട വിപണിയിലെത്തിച്ചേക്കും. അരങ്ങേറ്റത്തിന് മുന്നോടിയായി വരുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ റിബെല്‍ അവതരിപ്പിച്ചേക്കും. CBR 300-ന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സ് ഉള്‍ക്കൊണ്ടാണ് റിബെല്‍ 300 നിരത്തിലെത്തുക. 

Rebel 300

യുവാക്കളുടെ മനം കവരാന്‍ സര്‍വ്വത്ര ക്രൂസര്‍ ഡിസൈനും കവര്‍ന്നെടുത്താണ് റിബെലിന്റെ രൂപകല്‍പ്പന.  ഉയര്‍ന്ന് നില്‍ക്കുന്ന ഫ്യുവല്‍ ടാങ്കും സിംഗിള്‍ ഹെഡ്ലൈറ്റ് ക്ലസ്റ്ററും ,സിംഗില്‍ പോഡ് ആള്‍ ഡിജിറ്റല്‍ ക്ലസ്റ്റര്‍ ഡിസ്‌പ്ലേയും ഈ ക്രൂസറിന് പുതുമ നല്‍കും. 286 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 27 ബിഎച്ച്പി പവറും 24 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷ നല്‍കാന്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ടാകും. 2 ലക്ഷം രൂപ മുതല്‍ 2.3 ലക്ഷം രൂപ വരെയാകും റിബെലിന്റെ വിപണി വില എന്നാണ് ആദ്യ സൂചനകള്‍. ഇതിന് പുറമേ റിബെല്‍ 500 ക്രൂസര്‍ പതിപ്പും ഇന്ത്യയിലെത്തിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. 

Rebel 300

Content Highlights; Honda Rebel 300 Cruiser Coming to India