കാറുകളിലും മറ്റും സുരക്ഷയൊരുക്കുന്നതില്‍ എയര്‍ ബാഗ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത് കണക്കിലെടുത്ത് കാറുകളില്‍ അടുത്തിടെ എയര്‍ ബാഗ് നിര്‍ബന്ധമാക്കിയിരിന്നു. എന്നാല്‍, ഈ സംവിധാനം ഇരുചക്ര വാഹനങ്ങളില്‍ നല്‍കിയാലോ..? മോട്ടോര്‍ സൈക്കിളുകളില്‍ എയര്‍ ബാഗ് നല്‍കുന്നതിനുള്ള നീക്കത്തിലാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി ഇരുചക്ര വാഹനങ്ങളിലെ എയര്‍ ബാഗ് സംവിധാനത്തിനായി ഹോണ്ട പേറ്റന്റ് സമര്‍പ്പിച്ചു.

ഇരുചക്ര വാഹനങ്ങളില്‍ നല്‍കുന്ന മൂന്ന് എയര്‍ ബാഗ് ഡിസൈന്‍ ഉള്‍പ്പെടെയാണ് ഹോണ്ട പേറ്റന്റ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഹോണ്ടയുടെ കൂടുതല്‍ മോഡലുകളില്‍ ഈ സുരക്ഷ സംവിധാനം ഒരുക്കുന്നതിനായി ഇത്രയും ഡിസൈനുകള്‍ നല്‍കിയിട്ടുള്ളതെന്നാണ് സൂചന. ഇരുചക്ര വാഹനാപകടങ്ങളില്‍ 68 ശതമാനവും മുന്നില്‍നിന്ന് നേരിട്ടുള്ള ഇടിയിലൂടെയാണെന്നാണ് ഹോണ്ടയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ വാഹനത്തിന്റെ മുന്‍ഭാഗത്താണ് എയര്‍ ബാഗ് നല്‍കാന്‍ ഉദേശിക്കുന്നത്. 

റൈഡറിനുണ്ടാകുന്ന ചലനമാണ് ഇരുചക്ര വാഹനങ്ങളില്‍ എയര്‍ ബാഗ് നല്‍കുന്നതിലെ പ്രധാന വെല്ലുവിളി. കാര്‍ പോലുള്ള വാഹനങ്ങളില്‍ സീറ്റിലിരിക്കുന്നയാള്‍ക്ക് കാര്യമായ ചലനം സംഭവിക്കുന്നില്ല. സ്‌കൂട്ടറും മോട്ടോര്‍ സൈക്കിളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌കൂട്ടര്‍ ഒടിക്കുന്ന ആളിനാണ് ചലനം കുറവ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ സ്‌കൂട്ടറുകളിലായിരിക്കും എയര്‍ ബാഗ് ഒരുക്കുകയെന്നാണ് പേറ്റന്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍.

ഹോണ്ടയുടെ PCX-ടൈപ്പ് സ്‌കൂട്ടറുകളാണ് പേറ്റന്റ് ചിത്രത്തില്‍ നല്‍കിയിട്ടുള്ളത്. കര്‍ട്ടണ്‍ എയര്‍ ബാഗുകളാണ് ഇതില്‍ ഒരുക്കുക. ഇതിനുപുറമെ, ഇരുചക്ര വാഹനങ്ങളില്‍ നല്‍കുന്നതിനുള്ള നിരവധി എയര്‍ ബാഗ് ഓപ്ഷനുകള്‍ ഹോണ്ടയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗം ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഹോണ്ടയുടെ ഈ പദ്ധതി എപ്പോള്‍ യാഥാര്‍ഥ്യമാകുമെന്നതില്‍ വ്യക്തതയില്ല. അവസാന ഡിസൈനിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ഹോണ്ടയുടെ ആഡംബര ക്രൂയിസര്‍ ബൈക്കായ ഗോള്‍ഡ് വിങ്ങില്‍ എയര്‍ ബാഗ് നല്‍കിയാണ് എത്തുന്നത്. കാറിലേത് പോലെയുള്ള സീറ്റുകള്‍ നല്‍കിയിട്ടുള്ളത് കൊണ്ട് ഡ്രൈവറിന്റെ ചലനം കുറവാണെന്നതാണ് ഈ ബൈക്കിന്റെ പ്രത്യേകത. ബലൂണ്‍ എയര്‍ ബാഗാണ് ഗോള്‍ഡ് വിങ്ങില്‍ നല്‍കിയിട്ടുള്ളത്. 15 വര്‍ഷം മുമ്പുതന്നെ ഈ ആഡംബര ബൈക്കുകളില്‍ എയര്‍ ബാഗ് നല്‍കിയിരുന്നതായാണ് സൂചന. അടുത്തിടെ അവതരിപ്പിച്ച പുതിയ പതിപ്പിലും എയര്‍ ബാഗ് ഹൈലൈറ്റാണ്.

Source: Car and Bike 

Content Highlights: Honda Planning To Give Airbag In Motorcycles