ഹോണ്ട ഹൈനസ് സി.ബി 350 | Photo: Honda 2Wheelers India
ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടേഴ്സ് നിരത്തുകളില്‍ എത്തിച്ച ഏതാനും മോഡലുകള്‍ തിരിച്ച് വിളിക്കുന്നു. സേഫ്റ്റി റിഫ്ളക്ടറുകളിലെ പോരായ്മ പരിഹരിക്കുന്നതിനായാണ് ഹോണ്ടയുടെ വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നതെന്നാണ് സൂചന. എത്ര വാഹനങ്ങള്‍ക്ക് റീകോള്‍ ബാധകമാകുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.
ഹോണ്ട് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ജനപ്രിയ മോഡലുകളായ ആക്ടീവ 5ജി, ആക്ടീവ 6ജി, ആക്ടീവ 125, സി.ബി. ഷൈന്‍ 125, ഹോര്‍നെറ്റ് 2.0, എക്സ്-ബ്ലേഡ്, ഹൈനസ് സി.ബി.350, സി.ബി.300ആര് എന്നീ മോഡലുകളാണ് തിരിച്ച് വിളിച്ചിട്ടുള്ളത്. ഹോര്ക്കില് നല്‍കിയിട്ടുള്ള റിഫ്ളക്ടറുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും പോരായ്മ പരിഹരിക്കുന്നതിനുമായാണ് തിരിച്ച് വിളിക്കുന്നതെന്നാണ് വിവരം.
2019 നവംബറിനും 2021 ജനുവരിക്കും ഇടയിലുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങളിലാണ് തകരാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ കാലയളവില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങള്‍ ഹോണ്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് പോരായ്മ പരിഹരിക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനായി സൗജന്യ സേവനം ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാക്കുമെന്നും ഹോണ്ട ഉറപ്പുനല്‍കിയിട്ടുണ്ട്.
ജൂണ്‍ ഒന്ന് മുതല്‍ വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നുണ്ടെന്നാണ് സൂചന. പ്രദേശിക ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക് ഉപയോക്താക്കള്‍ക്ക് ഡീലര്‍ഷിപ്പുകളെ സമീപിക്കാം. വാഹനങ്ങളുടെ ഉപയോക്താക്കളെ ഈ വിവരം ഫോണിലൂടെയോ ഇ-മെയിലിലൂടെയോ നേരിട്ട് അറിയിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഹോണ്ട ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഹോണ്ടയുടെ പ്രീമിയം മോഡലുകളായ ഹൈനസ് സി.ബി. 350, സി.ബി.300ആര് തുടങ്ങിയ മോഡലുകള്‍ പ്രീമിയം ഡീലര്‍ഷിപ്പായ ബിഗ്വിങ്ങ് ഡീലര്‍ഷിപ്പുകളിലാണ് എത്തിക്കേണ്ടതെന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്. സമാനമായ പോരായ്മയെ തുടര്‍ന്ന് യു.എസിലും ഹോണ്ട മോട്ടോര്‍ കമ്പനി വാഹനങ്ങള്‍ തിരിച്ച് വിളിച്ചിരുന്നു. അവിടെ 28,528 വാഹനങ്ങളിലാണ് ഈ പ്രശ്നം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlights: Honda Motorcycle Recall Multiple Model Due To Reflection Issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..