ന്ത്യയിലെ ഇരുചക്ര വാഹനമേഖലയില്‍ പുതിയ ട്രെന്റിന് തുടക്കം കുറിച്ച വാഹനമാണ് ഹോണ്ടയുടെ ആക്ടീവ. 2000-ത്തില്‍ വിപണിയിലെത്തിയ ഈ സ്‌കൂട്ടര്‍ 20 വയസിന്റെ നിറവിലാണ്. നിരത്തില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം ഉപയോക്താക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതിനായി ആക്ടീവയുടെ 20 ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട.

ആക്ടീവയുടെ ഏറ്റവും പുതിയ പതിപ്പായ 6ജിയാണ് 20 ആനിവേഴ്‌സറി എഡിഷനായി രൂപം മാറുന്നത്. ബ്ലാക്ക് വീല്‍ ഡിസ്‌ക്കുകള്‍ക്കൊപ്പം മാറ്റ് ബ്രൗണ്‍, പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക് എന്നീ രണ്ട് ബോഡി കളറുകളിലാണ് പ്രത്യേക പതിപ്പ് വിപണിയില്‍ എത്തിക്കുന്നത്. മുന്നില്‍ സില്‍വര്‍-ഗോള്‍ഡന്‍ നിറങ്ങള്‍ നല്‍കി അലങ്കരിച്ചിരിക്കുന്നതിനൊപ്പം വശങ്ങളിലെ ബാഡ്ജിങ്ങ് ഗോള്‍ഡന്‍ ഫിനീഷിങ്ങിലാണ്.

ഹോണ്ടയുടെ എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍(ഇ.എസ്.പി) സാങ്കേതികവിദ്യയ്‌ക്കൊപ്പം 26 പേറ്റന്റ് ആപ്ലിക്കേഷനുകളും ഉള്‍പ്പെടുത്തിയാണ് 20 ആനിവേഴ്‌സറി എഡിഷന്‍ എത്തിയിരിക്കുന്നത്. സ്റ്റാന്റേഡ്, ഡീലക്‌സ് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ആനിവേഴ്‌സറി എഡിഷന് യഥാക്രമം 66,816 രൂപയും 68,316 രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില.

10 ശതമാനം അധിക ഇന്ധനക്ഷമത ഉറപ്പാക്കുന്ന 110 സിസി പി.ജി.എം-എഫ്.ഐ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഈ എന്‍ജിന്‍ 7.68 ബി.എച്ച്.പി പവറും 8.79 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.വി.ടി യൂണിറ്റാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. സൈലന്റ് സ്റ്റാര്‍ട്ട് സംവിധാനം, എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സ്വിച്ച് എന്നിവ ഇതിലെ ഹൈലൈറ്റാണ്. 

20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോണ്ടയുടെ ആദ്യ ആക്ടീവ ഇന്ത്യയില്‍ എത്തുന്നത്. അതിനുപിന്നാലെ എത്തിയ ആക്ടീവയുടെ ഒരോ തലമുറയും നിരവധി സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് എത്തിയിട്ടുള്ളത്. ഹോണ്ട ആക്ടീവയില്‍ ഇന്ത്യയിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് രണ്ട് കോടിയോളം ഉപയോക്താക്കളുമായി 20 വര്‍ഷത്തിലേക്ക് എത്തിച്ചതെന്ന് ഹോണ്ട ടൂവിലേഴ്‌സ് ഇന്ത്യയുടെ മേധാവി പറഞ്ഞു.

Content Highlights: Honda launches special 20th anniversary edition of Activa 6G