കുഞ്ഞന്‍ ഇരുചക്ര വാഹനങ്ങളില്‍ വിപ്ലവം തീര്‍ത്ത ഹോണ്ട നവിക്ക് പിന്നാലെ വാഹന പ്രേമികള്‍ക്ക് ഹോണ്ട നല്‍കുന്ന മറ്റൊരു സര്‍പ്രൈസാണ് ക്ലിഖ് സ്‌കൂട്ടര്‍. കുറഞ്ഞ വിലയും മൈലേജും നോക്കി വാഹനം തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് മുന്‍പില്‍ മുന്‍നിര സ്‌കൂട്ടറുകളിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് പുതിയ മോഡല്‍ ഹോണ്ട അവതരിപ്പിച്ചത്. 42,499 രൂപയാണ് ഇവന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. രൂപത്തില്‍ നവിക്ക് സമാനമായി ക്ലിഖ് ആളൊരു കുഞ്ഞന്‍ സ്‌കൂട്ടറാണ്. എന്നാല്‍ ക്ലിഖിലൂടെ ഇന്ത്യന്‍ സ്‌കൂട്ടറുകളുടെ പതിവ് മുഖഛായ മാറ്റിമറിക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട മോട്ടോഴ്‌സ്. 

രാജസ്ഥാനിലെ തപുകര നിര്‍മാണ കേന്ദ്രത്തിലാണ് വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. അധികം വൈകാതെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്ലിഖ് വില്‍പ്പയ്‌ക്കെത്തും. വിപണിയില്‍ നവി നല്‍കിയ തിരിച്ചടി പരമാവധി ഉള്‍ക്കൊണ്ട് ചെറിയ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാവുന്ന എല്ലാ സൗകര്യങ്ങളും ക്ലിഖില്‍ കമ്പനി നല്‍കിയിട്ടുണ്ട്. 1745 എംഎം നീളവും 695 എംഎം വീതിയും 1039 എംഎം ഉയരവും 1241 വീല്‍ബേസും 154 എംഎം ഗ്രൗണ്ട് ക്ലിയറിന്‍സും വാഹനത്തിനുണ്ട്. രൂപംകൊണ്ട്‌ ചെറുതാണെങ്കിലും നീളമേറിയ സീറ്റാണ് ഇവനുള്ളത്‌, 743 എംഎം ആണ് സീറ്റിന്റെ ഉയരം. 

Honda Cliq

ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറുകളിലൊന്നാണ് ക്ലിഖ്, ആകെ 102 കിലോഗ്രാമാണ് ഭാരം. രൂപത്തിനെക്കാള്‍ മികച്ച കരുത്ത് ഈ സ്‌കൂട്ടര്‍ നല്‍കും. ആക്ടീവ ഐ മോഡലില്‍ ഉള്‍ക്കൊള്ളിച്ച അതേ എഞ്ചിനാണ് ക്ലിഖിനും കരുത്തേകുക. 109.19 സിസി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 7000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.94 എന്‍എം ടോര്‍ക്കുമേകും. സെല്‍ഫ്, കിക്ക് സ്റ്റാര്‍ട്ട് ഓപ്ഷനുണ്ട്. 10 ഇഞ്ചാണ് വീല്‍. ഡിസ്‌ക് ബ്രേക്ക് ലഭ്യമല്ല, മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ്. എന്നാല്‍ ഹോണ്ടയുടെ കോംബി ബ്രേക്ക് സിസ്റ്റം  സുരക്ഷ വര്‍ധിപ്പിക്കും. 

വ്യത്യസ്തമായ മുന്‍ഭാഗമാണ് ക്ലിഖിന്റെ പ്രധാന സവിശേഷത. ഒറ്റനോട്ടത്തില്‍ മുന്‍ഭാഗം ശ്രദ്ധിച്ചാല്‍ ഇത്ര ചെറിയ സ്‌കൂട്ടറാണിതെന്ന് ആരും പറയില്ല. റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക് എന്നീ നാല് നിറങ്ങളില്‍ ക്ലിഖ് വിപണിയിലെത്തും. സീറ്റിനടിയല്‍ ഭേദപ്പെട്ട സ്റ്റോറേജ് സ്‌പേസിനൊപ്പം ചാര്‍ജിങ് സോക്കറ്റും നല്‍കിയിട്ടുണ്ട്. 3.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ഓപ്ഷണലായി ഫ്രണ്ട് സ്‌ക്രീന്‍, ഫ്‌ളോര്‍ കവര്‍, ബോക്‌സ് സെന്റര്‍, ക്യാപ് കവര്‍, റിയര്‍ ഗ്രിപ്പ് തുടങ്ങിയ അഡിഷ്ണല്‍ ആക്‌സസറികളും ക്ലിഖിനൊപ്പം സ്വന്തമാക്കാം. വിലയുടെ അടിസ്ഥാനത്തില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റാണ് ക്ലിഖിന്റെ എതിരാളി. 

Honda Cliq