ഡംബര ടൂറിങ്ങ് ബൈക്കിന്റെ പര്യായമായ ഹോണ്ട ഗോള്‍ഡ് വിങ്ങിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ വിപണിയില്‍ എത്തി. ഹോണ്ടയുടെ മാതൃരാജ്യമായ ജപ്പാനില്‍ നിര്‍മിച്ചാണ് ഈ ആഡംബര ടൂറിങ്ങ് ബൈക്ക് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. ജൂലൈ മുതല്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഈ ബൈക്കിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആരംഭിച്ചു. ഗോള്‍ഡ് വിങ്ങ് മാനുവല്‍ മോഡലിന് 37.20 ലക്ഷം രൂപയും ഡി.സി.ടി. പ്ലസ് എയര്‍ബാഗ് മോഡലിന് 39.16 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 

ഹോണ്ടയുടെ എക്‌സ്‌ക്ല്യൂസീവ് പ്രീമിയം ഡീലര്‍ഷിപ്പുകളായ കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ ബിഗ്‌വിങ്ങ് ഡീലര്‍ഷിപ്പുകളിലാണ് ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങിന് പുറമെ, ഈ ഷോറൂമുകളിലും ഈ വാഹനത്തിനായുള്ള ബുക്കിങ്ങ് സ്വീകരിക്കുന്നുണ്ട്. ജൂലൈ മാസം മുതല്‍ ഈ വാഹനത്തിന്റെ ഇന്ത്യയിലെ വിതരണം ആരംഭിക്കുമെന്നാണ് ഹോണ്ട ടൂ വീലേഴ്‌സ് അറിയിച്ചിട്ടുള്ളത്. 

സ്‌റ്റൈലിലും കരുത്തിലും ഏറെ സവിശേഷതകളുമായാണ് 2021 ഗോള്‍ഡ് വിങ്ങ് ടൂര്‍ എത്തിയിട്ടുള്ളത്. ഡബിള്‍ വിഷ്‌ബോണ്‍ ഫ്രണ്ട് സസ്‌പെന്‍ഷന്‍, ആറ് സിലിണ്ടര്‍ എന്‍ജിന്‍ എക്‌സ്‌ഹോസ്റ്റുകള്‍, കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയുള്ള ഇലക്ട്രിക് സ്‌ക്രീന്‍, രണ്ട് എല്‍.ഇ.ഡി. ഫോഗ്‌ലാമ്പ്, ക്രൂയിസ് കണ്‍ട്രോള്‍ സ്വീച്ച് തുടങ്ങിയവ ഗോള്‍ഡ് വിങ്ങ് ടൂറിന്റെ പുതിയ പതിപ്പില്‍ നല്‍കിയിട്ടുണ്ട്. സീറ്റുകളും മറ്റ് ഫീച്ചറുകളും മുന്‍ മോഡലിലേതിന് സമാനമായാണ് പുതിയ പതിപ്പിലും ഒരുങ്ങിയിട്ടുള്ളത്. 

ഓഡിയോയും നാവിഗേഷന്‍ വിവരങ്ങളും നല്‍കിയിട്ടുള്ള ഏഴ് ഇഞ്ച് ഫുള്‍ കളര്‍ ടി.എഫ്.ടി. ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ സ്‌ക്രീനാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്. റൈഡിങ്ങ് മോഡലുകളും സസ്‌പെന്‍ഷന്‍ അഡ്ജസ്റ്റ്‌മെന്റും ഈ സ്‌ക്രീനില്‍ തന്നെ സാധ്യമാണ്. വാഹനത്തിന്റെ ടയര്‍ പ്രഷറും ഈ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ, വാഹനത്തിലെ എല്ലാ സംവിധാനങ്ങളും സജീവമാക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ടി കീയും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

മുന്‍ മോഡലിനെക്കാള്‍ 11 ലിറ്റര്‍ അധിക സ്‌പേസാണ് റിയര്‍ ടോപ്പ് ബോക്‌സില്‍ നല്‍കിയിട്ടുള്ളത്. 121 ലിറ്ററാണ് ലഗേജ് ശേഷി. സ്മാര്‍ട്ട് കീ ഉപയോഗിച്ച് ഇതിലെ ലഗേജ് സ്‌പേസ് തുറക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രണ്ട് യു.എസ്.ബി. ടൈപ്പ്-സി പോര്‍ട്ടുകള്‍, മികച്ച ശബ്ദ നിലവാരമുള്ള ഭാരം കുറഞ്ഞ സ്പീക്കറുകള്‍, പാസഞ്ചര്‍ ഓഡിയോ കണ്‍ട്രോളര്‍ സ്വിച്ച്, നാവിഗേഷന്‍ സംവിധാനം, 21.1 ലിറ്റര്‍ ഇന്ധന ടാങ്ക് എന്നിവയാണ് ഈ ബൈക്കിന്റെ മറ്റ് സംവിധാനങ്ങള്‍. 

1833 സി.സി. ലിക്വിഡ് കൂള്‍ഡ് 4 സ്‌ക്രോക്ക് 24 വാല്‍വ് എസ്.ഒ.എച്ച്.സി. എന്‍ജിനാണ് 2021 ഗോള്‍ഡ് വിങ്ങില്‍ നല്‍കിയിട്ടുള്ളത്. 93 കിലോവാട്ട് പവറും 170 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ത്രോട്ടില്‍ ബൈ വയര്‍ എന്‍ജിന്‍ മാനേജ്‌മെന്റില്‍ ടൂര്‍, സ്‌പോര്‍ട്ട്, ഇക്കോ, റെയിന്‍ എന്നീ നാല് റൈഡ് മോഡുകളും ഈ ബൈക്കിലുണ്ട്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനിലുമാണ് ഗോള്‍ഡ് വിങ്ങ് എത്തിയിട്ടുള്ളത്.

Content Highlights: Honda launches 2021 Gold Wing Tour in India Bookings Open