യുവ റൈഡര്‍മാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഹോണ്ട ടൂവീലേഴ്സിന്റെ പ്രീമിയം മോഡലുകളായ സി.ബി.ആര്. 650ആര്, സി.ബി.650ആര് എന്നിവയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്ത് വിപണിയില്‍ എത്തുന്ന ഈ മോഡലുകള്‍ ബിഗ്വിങ്ങ് ഡീലര്‍ഷിപ്പിലൂടെയാണ് നിരത്തുകളില്‍ എത്തുന്നത്. സി.ബി.ആര്.650ആറിന് 8.88 ലക്ഷം രൂപയും സി.ബി. 650ആറിന് 8.67 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറും വില.
സി.ബി. 650ആര് കാന്‍ഡി ക്രോമോസ്പിയര്‍ റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക്ക് എന്നീ നിറങ്ങളിലും, സി.ബി.ആര്. 650ആര് ഗ്രാന്റ് പിക്സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക്ക് എന്നീ നിറങ്ങളിലുമാണ് വിപണിയില്‍ എത്തിയിട്ടുള്ളത്. താരതമ്യേന ഭാരം കുറഞ്ഞതും മികച്ച പ്രകടനം ഉറപ്പാക്കുന്നതുമായി ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ഇതിനുപുറമെ, പുതിയ മോഡലില്‍ കൂടുതല്‍ മെച്ചപ്പെട്ട യാത്രാസുഖവും ഉറപ്പാക്കുന്നുണ്ടെന്നാണ് സൂചന.
നിയോ സ്പോര്‍ട്സ് കഫെ ഡിസൈനിലാണ് ഈ രണ്ട് മോട്ടോര്‍ സൈക്കിളുകളും ഒരുങ്ങിയിട്ടുള്ളത്. നീളവും കുറഞ്ഞതും വിസ്താരമുള്ളതുമായി പിന്‍ഭാഗം, വലിപ്പം കുറഞ്ഞ റൗഡ് ഹെഡ്ലൈറ്റ്, നീളം കൂടിയിട്ടുള്ള പെട്രോള്‍ ടാങ്ക്, വലിപ്പും കുറഞ്ഞതും കൂടുതല്‍ സ്റ്റൈലിഷായതുമായി സൈഡ് പാനലുകള്‍ എന്നിവ നല്‍കിയാണ് ഈ ബൈക്കുകളുടെ സ്റ്റൈഷിലാക്കിയിട്ടുള്ളത്. സി.ബി.650ആറിന്റെ ഫുള്ളി ഫെയേഡ് പതിപ്പാണ് സി.ബി.ആര്. 650ആര്.
കാര്യക്ഷമമായ സുരക്ഷ സംവിധാനത്തിലാണ് ഈ വാഹനമെത്തിയിട്ടുള്ളത്. സ്മാര്‍ട്ട് എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍(ഇ.എസ്.എസ്) പെട്ടെന്ന് ബ്രേക്കിങ്ങ് ഒരുക്കാന്‍ സഹായിക്കുകയും മറ്റ് വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കുകയും ചെയ്യും. മോഷണ ശ്രമമുണ്ടായാല്‍ ഹോണ്ട ഇഗ്നീഷ്യല് സെക്യൂരിറ്റി സിസ്റ്റത്തിലൂടെ(എച്ച്.ഐ.എസ്.എസ്) എന്ജിന് സ്റ്റാര്‍ട്ട് ആകുന്നത് തടയുന്നു. ഇവയ്ക്കു പുറമെ, മെച്ചപ്പെട്ട ബ്രേക്കിങ്ങും ഡ്യുവല്‍ ചാനല്‍ എ.ബി.എസും സുരക്ഷ കാര്യക്ഷമമാക്കും.
ഒരേ പ്ലാറ്റ്ഫോമാണ് സി.ബി.ആര്. 650ആര്, സി.ബി. 650ആര് മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്നത്. 649 സ.സി. ഇന്‍-ലൈന്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ ബൈക്കുകളുടെ ഹൃദയം. ഇത് 86 ബി.എച്ച്.പി. കരുത്തും 57.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലെച്ചിനൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഈ ബൈക്കുകളില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. മികച്ച സസ്പെന്ഷന് സംവിധാനവും യാത്രയെ കൂടുതല്‍ സുഗമമാക്കുന്നു.
Content Highlights: Honda launches 2021 CBR650R in India, Introduces Neo Sports Café inspired CB650R for the 1st time