ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹോണ്ട 200 സിസി ബൈക്ക് ശ്രേണിയില്‍ പിടിമുറുക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പുതിയ 200 സിസി മോഡല്‍ വൈകാതെ നിരത്തുകളിലെത്തുമെന്ന് സൂചന. ഈ ബൈക്കിന്റെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ അവതരണ വേളയില്‍ മാത്രമേ പ്രഖ്യാപിക്കുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഹോണ്ടയുടെ കരുത്തന് മോഡലായിരുന്ന സിബി ഹോര്‍നെറ്റ് 160-യുടെ ബിഎസ്-6 എന്ജിന് മോഡല്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ വാഹനത്തിന്റെ കരുത്ത് കൂടിയ മോഡല്‍ ആയിരിക്കാം അവതരിപ്പിക്കുന്നതെന്നും, സിബി ഹോര്‍നെറ്റ് 200 എന്ന് ഈ വാഹനത്തിന് പേര് നല്‍കിയേക്കുമെന്നുമാണ് അഭ്യൂഹങ്ങള്‍.
എന്നാല്‍, ഹോണ്ട വിദേശ രാജ്യങ്ങളിലെത്തിച്ചിട്ടുള്ള സിബിഎഫ് 190ആര് മോഡലിന് ഇന്ത്യയില്‍ പേറ്റന്റ് സ്വന്തമാക്കിയിരുന്നു. ഒരു പക്ഷെ 200 സിസി ബൈക്ക് ശ്രേണിയില്‍ ഹോണ്ട എത്തിക്കുന്ന ഈ മോഡലായിരിക്കുമെന്നും പ്രവചനങ്ങളുണ്ട്. അതേസമയം, ഹോണ്ട 200 സിസി ശ്രേണിയില്‍ ആദ്യമായെത്തിക്കുന്ന വാഹനം എന്ന ഖ്യാതിയിലാണ് പുതിയ മോഡല്‍ എത്തുക.
ഇപ്പോള്‍ വിപണിയിലുള്ള 200 സിസി ബൈക്കുകളില്‍ നല്‍കിയിട്ടുള്ള എല്ലാ ഫീച്ചറുകളും ഹോണ്ടയുടെ പുതിയ മോഡലിലും നല്‍കുന്നുണ്ട്. മസ്കുലര്‍ ഭാവമുള്ള ടാങ്ക്, എല്‍ഇഡി ലൈറ്റുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്ക് എന്നിവ ഹോണ്ടയുടെ ബൈക്കിലും ഒരുങ്ങുയേക്കും.
200 സിസി ബൈക്ക് ശ്രേണിയിലേക്കുള്ള വാഹനമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും എന്ജിന് സംബന്ധിച്ച വിവരങ്ങള്‍ ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല. ബജാജ് പള്‍സര്‍ 200 എന്‍എസ്, ടിവിഎസ് അപ്പാച്ചെ ആര്ടിആര്200 തുടങ്ങിയ ബൈക്കുകളാണ് ഇന്ത്യയിലെ 200 സിസി ശ്രേണി ഭരിക്കുന്നത്. ഇവരോട് മുട്ടാനാണ് ഹോണ്ടയുടെ പുത്തന്‍ പോരാളിയെ എത്തിക്കുന്നത്.
Content Highlights: Honda India Introduce 200 CC Bikes Soon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..