ഹോണ്ട ഹൈനസ് സി.ബി 350 | Photo: Honda 2Wheelers India
നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായി കുതിക്കുന്ന വാഹനമാണ് ഹോണ്ടയുടെ ഹൈനസ് സി.ബി 350. 350 സി.സി. ബൈക്ക് ശ്രേണിയില്‍ എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടിയെത്തിയ ഈ വാഹനത്തിന്റെ വില ഉയര്‍ത്തുന്നതായി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. അടിസ്ഥാന വേരിയന്റായ DLX-ന് 1500 രൂപയും ഉയര്‍ന്ന വേരിയന്റായ DLX Proക്ക് 2500 രൂപയുമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ 1.86 ലക്ഷം മുതല്‍ 1.92 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.
പ്രീമിയം ബൈക്ക് ശ്രേണിയില്‍ എത്തിയ ഹൈനസ് സി.ബി.350-ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അവതരിപ്പിച്ച് 20 ദിവസത്തിനുള്ളില്‍ 1000 ബൈക്കുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറിയതായി ഹോണ്ട റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപുറമെ, ബുക്കിങ്ങിലും വലിയ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. റോയല്‍ എന്‍ഫീല്‍ഡിന്റെ മീറ്റിയോര്‍ 350, ബെനേലി ഇംപിരിയാലെ 400 എന്നീ ബൈക്കുകളാണ് സി.ബി 350-യുടെ എതിരാളികള്‍.
വിലയില്‍ ഉയരുന്നുണ്ടെങ്കിലും ഡിസൈനിലോ മെക്കാനിക്കലായോ മാറ്റങ്ങള്‍ വരുത്താതെയാണ് ഹൈനസ് സി.ബി. 350 എത്തുന്നത്. കരുത്തേറിയ 350 സി.സി., എയര്‍ കൂള്‍ഡ് 4 സ്‌ട്രോക് ഒ.എച്ച്.സി. സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ് ഹെനസ് സി.ബി. 350-ക്ക് കരുത്തേകുന്നത്. പി.ജി.എം.-എഫ്1 സാങ്കേതികവിദ്യയാണ് ഈ എന്‍ജിന്റെ ഹൈലൈറ്റ്. ഈ എന്‍ജിന്‍ 20.8 ബിഎച്ച്പി പവറും 30 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
റെട്രോ സ്‌റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. റൗണ്ട് ഹെഡ്‌ലൈറ്റ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോം ഫിനീഷിങ്ങിലുള്ള ഫെന്‍ഡറുകള്‍, അല്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്ന ക്രോമിയം ഫിനീഷിങ്ങിലുള്ള എക്‌സ്‌ഹോസ്റ്റ്, അലോയി വീലുകള്‍, മികച്ച ഡിസൈനിലുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് ഹൈനസിനെ സ്‌റ്റൈലിഷാക്കുന്നത്. മുന്നില്‍ 310 എം.എമ്മും പിന്നില്‍ 240 എം.എമ്മും ഡിസ്‌ക് ബ്രേക്കാണ് സുരക്ഷയൊരുക്കുന്നത്.
എതിരാളികളില്‍നിന്ന് ഒരു പടി മുന്നില്‍ നില്‍ക്കുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റവും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഫോണിലെത്തുന്ന കോളുകള്‍ സ്വീകരിക്കാനും നാവിഗേഷന്‍, സംഗീതം, മെസേജുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാനും സാധിക്കും. ഹൈനസിന്റെ ശ്രേണിയില്‍ ഈ സംവിധാനം ഒരുക്കുന്ന ആദ്യ ബൈക്കാണിത്. ഇതിനുപുറമെ, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലെച്ച് ഫീച്ചറും ഇതില്‍ ഒരുക്കുന്നുണ്ട്.
Content Highlights: Honda Hness CB350 Announce Price Hike Up to 2500 Rupees
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..