ട്ടോമാറ്റിക് സ്‌കൂട്ടറുകളില്‍ അരങ്ങുവാഴുന്ന ഹോണ്ട വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ പുതിയ മോഡലുമായി എത്തുന്നു. ഗ്രാസിയ എന്ന് പേരിട്ട സ്‌കൂട്ടറിനുള്ള ബുക്കിങ് ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കും. ബുക്കിങ് പ്രഖ്യാപിച്ചെങ്കിലും സ്‌കൂട്ടറിന്റെ മറ്റു വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഡീലര്‍ഷിപ്പുകളില്‍ നിന്ന് പകര്‍ത്തിയ ഗ്രാസിയയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഹോണ്ട ഡിയോയ്ക്ക് സമാനമായ സ്‌പോര്‍ട്ടി ലുക്കില്‍ ഹോണ്ട ആക്ടീവ 125 അടിസ്ഥാനത്തിലാണ് പുതിയ സ്‌കൂട്ടറിന്റെ നിര്‍മാണമെന്നാണ് സൂചന. 

Honda Grazia
Courtesy; CarBlogIndia

ഹോണ്ടയുടെ ഡീലര്‍മാര്‍ വഴി 2000 രൂപ നല്‍കി ഗ്രാസിയ ബുക്ക് ചെയ്യാം. അഡ്വാന്‍സ്ഡ് അര്‍ബന്‍ സ്‌കൂട്ടര്‍ എന്ന ആശയവുമായി ഹോണ്ട നിര്‍മ്മിച്ച ഗ്രാസിയ യുവതലമുറയെ ലക്ഷ്യമിട്ടാണ് പുറത്തിറക്കുന്നത്. സൗകര്യ പ്രദമായ യാത്ര പ്രദാനം ചെയ്യുന്ന ഡിസൈനും ഉന്നത ഗുണനിലവാരവും ഉറപ്പു നല്‍കുന്നതാണ് ഗ്രാസിയ എന്ന്‌ ഹോണ്ട വ്യക്തമാക്കി. സ്‌കൂട്ടര്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരായ ഹോണ്ടയുടെ ആറ് മോഡലുകള്‍ നിലവില്‍ വിപണിയിലുണ്ട്. ഇതിന് പുറമേയാണ് പുതിയ സാങ്കേതിക വിദ്യയും ഫീച്ചറുകളും ഉള്‍പ്പെടുത്തി ഗ്രാസിയ എത്തുന്നത്. 

പുറത്തുവന്ന ചിത്രങ്ങള്‍ പ്രകാരം ഗ്രാസിയക്ക് ഡിജിറ്റല്‍ ഡിസ്‌പ്ലേ നല്‍കി ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുന്നില്‍ ചെറിയ സ്റ്റോറേഡ് സ്‌പേസും നല്‍കി. ആക്ടീവ് 125-ന്റെ എന്‍ജിന്‍ അതേപടി ഗ്രാസിയയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത കൂടുതല്‍. 6500 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. സുസുക്കി ആക്‌സസ് 125, വെസ്പ വിഎക്‌സ് 125, മഹീന്ദ്ര ഗസ്റ്റോ 125 എന്നിവയാണ് ഗ്രാസിയയെ കാത്തിരിക്കുന്ന എതിരാളികള്‍. ഏകദേശം 65000 രൂപ ഓണ്‍റോഡ് വില പ്രതീക്ഷിക്കാം.