ഹോണ്ട ഗോൾഡ്വിങ്ങ് ഉപയോക്താക്കൾക്ക് കൈമാറുന്നു | Photo: Honda Motorcycle & Scooter India
ഇരുചക്ര വാഹനപ്രേമികളുടെ സ്വപ്നവാഹനമായ ഹോണ്ട ഗോള്‍ഡ്വിങ് ടൂര്‍ ആഡംബര ടൂറിങ് ബൈക്കിന്റെ ഇന്ത്യയിലെ വിതരണം ആരംഭിച്ചു. ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍ എന്നിവിടങ്ങളിലെ ഹോണ്ടയുടെ പ്രീമിയം ബൈക്ക് ഡീലര്‍ഷിപ്പായ ഹോണ്ട ബിഗ്വിങ് ടോപ്പ്ലൈന്‍ ഷോറൂമുകളിലൂടെയാണ് ഈ ആഡംബര ബൈക്ക് നിരത്തുകളില്‍ എത്തുന്നത്.
എതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 2021 മോഡല്‍ ഗോള്‍ഡ്വിങ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിനുപിന്നാലെ ബുക്കിങ് ആരംഭിച്ചെങ്കിലും 24 മണിക്കൂറിനുള്ളില്‍ തന്നെ ഇന്ത്യയിലെത്തുന്ന ആദ്യ ബാച്ചിന്റെ ബുക്കിങ് അവസാനിപ്പിക്കുകയായിരുന്നു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് എത്തുന്ന ഈ ബൈക്കിന് 37.20 ലക്ഷം രൂപ മുതല്‍ 39.16 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
1833 സി.സി. ലിക്വിഡ് കൂള്‍ഡ് 4 സ്ട്രോക്ക് 24 വാല്‍വ് എസ്.ഒ.എച്ച്.സി. എന്‍ജിനാണ് ഗോള്‍ഡ് വിങ്ങില്‍ നല്‍കിയിട്ടുള്ളത്. ഇത് 93 കിലോവാട്ട് പവറും 170 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ത്രോട്ടില്‍ ബൈ വയര്‍ എന്ജിന് മാനേജ്മെന്റില്‍ ടൂര്‍, സ്പോര്‍ട്ട്, ഇക്കോ, റെയിന്‍ എന്നീ നാല് റൈഡ് മോഡുകളും ഈ ബൈക്കിലുണ്ട്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനാണ് ഇതിലുള്ളത്.

ലോകമെമ്പാടുമുള്ള ഇരുചക്ര വാഹനപ്രേമികളുടെ ഇഷ്ടവാഹനമാണ് ഗോള്‍ഡ്വിങ്. ആഡംബരത്തിനൊപ്പം മികച്ച യാത്രാനുഭവവുമാണ് ഈ വാഹനത്തിന്റെ സവിശേഷത. ഇന്ത്യയില്‍ അവതരിപ്പിച്ച ഈ വാഹനത്തിന് അതിശയിപ്പിക്കുന്ന സ്വീകാര്യതയാണ് ലഭിച്ചതെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മേധാവി വാഹനത്തിന്റെ വിതരണ വേളയില്‍ അഭിപ്രായപ്പെട്ടു.
മികച്ച സ്റ്റൈലും ശക്തമായ കരുത്തുമാണ് ഈ ബൈക്കിനെ ജനപ്രിയമാക്കുന്നത്. ഡബിള്‍ വിഷ്ബോണ്‍ ഫ്രണ്ട് സസ്പെന്ഷന്, ആറ് സിലിണ്ടര്‍ എന്ജിന് എക്സ്ഹോസ്റ്റുകള്‍, കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയുള്ള ഇലക്ട്രിക് സ്ക്രീന്‍, രണ്ട് എല്‍.ഇ.ഡി. ഫോഗ്ലാംപ്, ക്രൂയിസ് കണ്ട്രോള് സ്വിച്ച് തുടങ്ങിയവയാണ് ഗോള്‍ഡ് വിങ് ടൂറിന്റെ പുതിയ പതിപ്പിനെ ഫീച്ചര്‍ സമ്പന്നമാക്കുന്ന ഘടകങ്ങള്‍.
ഓഡിയോയും നാവിഗേഷന്‍ വിവരങ്ങളും നല്‍കിയിട്ടുള്ള ഏഴ് ഇഞ്ച് ഫുള്‍ കളര്‍ ടി.എഫ്.ടി. ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ സ്ക്രീനാണ് ഗോള്ഡ്വിങ്ങിലുള്ളത്. റൈഡിങ് മോഡലുകളും സസ്പെന്ഷന് അഡ്ജസ്റ്റ്മെന്റും ഈ സ്ക്രീനില്‍ സാധ്യമാണ്. വാഹനത്തിന്റെ ടയര്‍ പ്രഷറും സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. വാഹനത്തിലെ എല്ലാ സംവിധാനങ്ങളും സജീവമാക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ടി കീയും ഇതില്‍ നല്‍കുന്നുണ്ട്.
Content Highlights: Honda commences deliveries of 2021 GoldWing Tour in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..