ന്ത്യന്‍ നിരത്തുകളില്‍ കൂടുതല്‍ പ്രീമിയം ബൈക്കുകള്‍ അണിനിരത്താനുള്ള നീക്കത്തിലാണ് ഹോണ്ട ടൂവീലേഴ്‌സ്. ഇതിനായി ഹോണ്ടയുടെ സി.ബി.500എക്‌സ് എന്ന അഡ്വഞ്ചര്‍ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന ഈ കരുത്തന്‍ ബൈക്കിന് 6.87 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. ഹോണ്ട ബിഗ്‌വിങ്ങ് ഡീലര്‍ഷിപ്പുകളിലൂടെയാണ് ഈ ബൈക്ക് പുറത്തിറങ്ങുന്നത്. 

ഇന്ത്യയിലെ ഇരുചക്ര വാഹനപ്രേമികള്‍ ഏറെ കാത്തിരുന്ന വാഹനമാണ് സി.ബി.500എക്‌സ്. സിറ്റി റോഡുകളിലും ഹൈവേകളിലും കണ്‍ട്രി ട്രാക്കിലും ഓഫ് റോഡിലും കാര്യക്ഷമത തെളിയിച്ചിട്ടുള്ള മോഡലാണിത്. പ്രീമിയം ബൈക്ക് ശ്രേണിയില്‍ ഈ വാഹനവുമെത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഹോണ്ട ടൂ വീലേഴ്‌സ് മേധാവി അറിയിച്ചു. ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക്ക് എന്നീ നിറങ്ങിലാണ് സി.ബി.500എക്‌സ് എത്തുന്നത്. 

ഹോണ്ടയുടെ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള മറ്റൊരു അഡ്വഞ്ചര്‍ ബൈക്കായ ആഫ്രിക്ക ട്വിന്നുമായി ഡിസൈന്‍ ശൈലി പങ്കിട്ടാണ് സി.ബി.500എക്‌സ് എത്തിയിട്ടുള്ളത്. ഫുള്‍ എല്‍.ഇ.ഡി. ആയുള്ള ലൈറ്റുകള്‍, കോംപാക്ട് സിഗ്നല്‍ ഇന്റിക്കേറ്ററുകള്‍, ക്ലിയര്‍ സ്‌ക്രീന്‍ ടെയ്ല്‍ലാമ്പ് തുടങ്ങിയവയാണ് ഈ വാഹനത്തിന് സ്‌പോര്‍ട്ടി ഭാവമൊരുക്കുന്നത്. സാങ്കേതികവിദ്യയില്‍ കാര്യക്ഷമത ഉറപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിലും ഒരുക്കിയിട്ടുണ്ട്. 

471 സി.സി, എട്ട് വാല്‍വ്, ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 47 ബി.എച്ച്.പി. പവറും 43.2 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലെച്ച് സംവിധാനമാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. 18 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സും ഈ ബൈക്കിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. 

മുന്നില്‍ 41 എം.എം. ലോങ്ങ് സ്‌ട്രോക്ക് ഫോര്‍ക്കും പിന്നില്‍ ഒമ്പത് സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഹോണ്ട പ്രോ-ലിങ്ക് സസ്‌പെന്‍ഷനുമാണ് സുഖയാത്ര ഒരുക്കുന്നത്. മുന്നില്‍ 19 ഇഞ്ച് വലിപ്പമുള്ളതും പിന്നില്‍ 17 ഇഞ്ച് വലിപ്പമുള്ള ടറയുമാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എ.ബി.എസിനൊപ്പം മുന്നില്‍ 310 എം.എം. ഡിസ്‌കും പിന്നില്‍ 240 എം.എം. ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷയൊരുക്കുന്നത്. എമര്‍ജന്‍സ് സ്റ്റോപ്പ് സിഗ്നല്‍ പോലുള്ള സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: Honda CB500X makes its grand entry at BigWing showrooms in India