റ്റനോട്ടത്തില്‍ ഒരു ഓഫ്‌റോഡര്‍. എന്നാല്‍, പൂര്‍ണമായും ഓഫ്‌റോഡറല്ല താനും. ഇതോടെ, മോട്ടോര്‍ സൈക്കിളുകളുടെ കൂട്ടത്തിലേക്ക് ഹോണ്ട പുതിയൊരു വിഭാഗം തുറന്നിരിക്കുകയാണ് -'അര്‍ബന്‍ എക്‌സ്‌പ്ലോറര്‍'. ദീര്‍ഘദൂര യാത്രകള്‍ക്കും നഗരയാത്രകള്‍ക്കും ഉതകുന്ന ഒരു ബൈക്ക്... അതാണ് 'സി.ബി. 200 എക്‌സ്'. ഹോണ്ടയുടെ സി.ബി. ശ്രേണിയില്‍ നിന്നുതന്നെയാണ് പുതിയ ആളും വരുന്നത്. 

വില്‍പ്പന പൊടിപൊടിക്കുന്ന 150 സി.സി. മുതല്‍ 200 സി.സി. വരെയുള്ള വിഭാഗത്തിലേക്കാണ് '200 എക്‌സി'ന്റെ വരവ്. കാഴ്ചയിലും സ്‌റ്റൈലിലുമെല്ലാം ഒരു ഓഫ്‌റോഡര്‍ ബൈക്കിന്റെ പ്രതീതി ജനിപ്പിക്കുന്നതാണിത്. എന്നാല്‍, ഓഫ്റോഡിനുപരി നീണ്ട യാത്രകള്‍ സുന്ദരമാക്കാനാണിത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Honda CB200X

കാഴ്ച

ശരിക്കും ഓഫ്‌റോഡര്‍ ലുക്ക്. 'ഹോര്‍ണറ്റി'ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അതേ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച് അതിന്റെ ജീനെല്ലാം രക്തത്തില്‍ ഉള്‍ക്കൊണ്ടാണ് 'സി.ബി. 200' ജനിച്ചിരിക്കുന്നത്. മുന്നിലെ വലിയ വൈസര്‍, പൂര്‍ണമായും എല്‍.ഇ.ഡി.യാക്കിയ ഹെഡ്ലൈറ്റും ടെയില്‍ലൈറ്റും ഇന്‍ഡിക്കേറ്ററുകളും. വലിയ വിന്‍ഡ്വൈസര്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ലക്ഷ്യമിട്ടതാണ്. ഓഫ്‌റോഡ് ബൈക്കുകളില്‍ കാണുന്ന നക്കിള്‍ കവറിനു മുകളിലാണ് ഇന്‍ഡിക്കേറ്ററുകള്‍ക്ക് സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. 

ഡയമണ്ട് ടൈപ്പ് സ്റ്റീല്‍ ഫ്രെയിമിലാണ് നിര്‍മാണം. ഇതുതന്നെയാണ് നമ്മള്‍ ഹോര്‍ണറ്റിലും കണ്ടിട്ടുള്ളത്. എന്‍ജിന് സംരക്ഷണമായി നല്‍കിയിട്ടുള്ള ഫൈബര്‍ കവറിങ്ങും പുതിയ വരവാണ്. പുതിയ ജനുസ് ബൈക്കുകളില്‍ കാണുന്ന ചെറിയ എക്‌സ്ഹോസ്റ്റ് 'സി.ബി. 200'-ലും ഹോണ്ട തുടരുന്നുണ്ട്. കനംകുറഞ്ഞ എന്നാല്‍, കരുത്തേറിയ പുതിയ രൂപത്തിലുള്ള അലോയ് വീലുകളും ഇതിലൂടെ കമ്പനി അവതരിപ്പിക്കുന്നു. 

സ്വര്‍ണനിറത്തിലുള്ള അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക് യാത്രാസുഖം ഉറപ്പു നല്‍കുന്നുണ്ട്. മോണോ ഷോക്ക് സസ്‌പെന്‍ഷനാണ് ഇതില്‍. ഹസാഡ് ലൈറ്റുകള്‍, പൂര്‍ണമായും ഡിജിറ്റല്‍ മീറ്റര്‍ എന്നിവയുമുണ്ട്. ഡിജിറ്റല്‍ മീറ്ററില്‍ വാഹനത്തിന്റെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. മറ്റൊരു പ്രത്യേകത, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ നിന്നും മാറി പെട്രോള്‍ ടാങ്കിലാണ് താക്കോലിടേണ്ടത്. കാഴ്ചയില്‍ വമ്പന്‍ ടാങ്ക്. വശങ്ങള്‍ ഉള്ളിലേക്ക് ഒതുക്കിയതിനാല്‍ കാലുകള്‍ സുരക്ഷിതമായിരിക്കും.

Honda CB 200X

യാത്ര

ഗട്ടര്‍ റോഡുകളായിക്കോട്ടെ പട്ടുപോലത്തെ റോഡുകളാകട്ടെ ഇതിന്റെ യാത്രാസുഖം ഒരുപോലെയാണ്. സസ്‌പെന്‍ഷനും അപ്സൈഡ് ഫോര്‍ക്കിനും നന്ദിപറയാം. നീണ്ട യാത്രകളില്‍പ്പോലും കൈകള്‍ക്ക് ആയാസം പകരാത്തതാണ് വലിയ ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍. നഗരത്തിലെ തിരക്കുകളില്‍ വെട്ടിച്ച് മുന്നേറുന്നതിനും ഇത് തടസ്സമാകുന്നില്ല. ഇതിലെ 184.5 സി.സി. എന്‍ജിന്‍ മികച്ച പെര്‍ഫോമന്‍സാണ് നല്‍കുന്നത്. ആവശ്യത്തിന് ടോര്‍ക്കുമുള്ളതിനാല്‍ യാത്ര മടുപ്പിക്കുന്നതാക്കില്ല. വാഹനത്തിന്റെ എക്‌സ്-ഷോറൂം വില തുടങ്ങുന്നത് 1.44 ലക്ഷം രൂപയിലാണ്.

Content Highlights: Honda CB 200X, Honda Two Wheelers, Honda Urban Tourer, Honda Motorcycle