പ്രീമിയം ബൈക്കുകള്‍ക്ക് മാത്രമായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ ഡീലര്‍ഷിപ്പ് ശൃംഖല തുറന്നു. ബിഗ്വിങ് എന്ന പേരിലാണ് ഹോണ്ടയുടെ പ്രീമിയം ഔട്ട്ലെറ്റുകള് പ്രവര്‍ത്തിക്കുക. ഗുരുഗ്രാമിലാണ് ആദ്യഷോറൂം തുറന്നത്.
ഹോണ്ടയുടെ 300 സിസിക്ക് മുകളില്‍ എന്ജിന് ശേഷിയുള്ള ബൈക്കുകളായിരിക്കും പ്രധാനമായി ബിഗ്വിങ്ങില് സ്ഥാനം പിടിക്കുക. ഹോണ്ട ആഫ്രിക്ക ട്വിന്‍, സിബി 300ആര് എന്നീ ബൈക്കുകളാണ് ഗുരുഗ്രാമിലെ ഷോറൂമില്‍ എത്തിച്ചിരിക്കുന്നത്.
പ്രീമിയം ഡീലര്‍ഷിപ്പ് ആരംഭിക്കുന്നതോടെ കൂടുതല്‍ വലിയ ബൈക്കുകള്‍ നിരത്തുകളില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. ഇതിന് പുറമെ, ഹോണ്ട വിദേശത്ത് ഇറക്കിയിട്ടുള്ള പല ബൈക്കുകളും ഇന്ത്യയില്‍ പ്രതീക്ഷിക്കാം.
ഇന്ത്യയില്‍ ഹോണ്ട മോട്ടോര്‍സൈക്കിളിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രീമിയം ബൈക്കുകള്‍ക്ക് മാത്രമായി ഔട്ട്ലെറ്റുകള് സ്ഥാപിക്കുമെന്ന് കഴിഞ്ഞ വര്‍ഷം കമ്പനി അറിയിച്ചിരുന്നു.
സിബി300ആര്, സിബി1000ആര്, സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡ്, ആഫ്രിക്ക ട്വിന്‍, ജിഎല്‍1800 ഗോള്‍ഡ് വിങ് എന്നിവയാണ് ഹോണ്ട ഇന്ത്യയിലെത്തിക്കുന്ന പ്രീമിയം ബൈക്കുകള്‍.
Content Highlights: Honda BigWing Retail Chain For Big Bikes Inaugurated