ഹോണ്ട നവി | Photo: Honda 2Wheelers India
ഇന്ത്യന്‍ നിരത്തുകളില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതെയുള്ള മടക്കം അതിലും വലിയ വിപണിയില്‍ തിളങ്ങാന്‍ ആയിരുന്നു. പറഞ്ഞുവരുന്നത് ഹോണ്ടയുടെ ഒരു കുഞ്ഞന്‍ സ്കൂട്ടറിന്റെ കഥയാണ്. ബൈക്കിന്റേതിന് സമാനമായ രൂപവും സ്കൂട്ടറിന്റെ സവിശേഷതകളുമായി എത്തിയ നവി എന്ന 110 സി.സികാരന്റെ കഥ. ഇന്ത്യയില്‍ തിരിച്ചടി ഏറ്റുവാങ്ങി നിരത്തൊഴിഞ്ഞ ഈ വാഹനം അമേരിക്കയുടെ നിരത്തുകളില്‍ ഓടിത്തുടങ്ങിയെന്നാണ് നിര്‍മാതാക്കളായ ഹോണ്ട അറിയിച്ചിരിക്കുന്നത്.
യു.എസിലെ ഇരുചക്ര വാഹന വിപണിയില്‍ നവി വിതരണം ആരംഭിച്ചിട്ടുണ്ട്. ഹോണ്ട മെക്സികോ വഴിയാണ് നവിയുടെ കയറ്റുമതിയെന്നാണ് വിവരം. ഈ വര്‍ഷം ജൂലൈ മാസത്തോടെ തന്നെ നവിയുടെ സ്കൂട്ടറുകള് മെക്സികോയിലേക്ക് കയറ്റുമതി ചെയ്തു തുടങ്ങിയിരുന്നു. ഇതിനോടകം തന്നെ ഈ സ്കൂട്ടറുകളുടെ 5000 യൂണിറ്റ് കടല്‍കടന്ന് അമേരിക്കയില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന. സന്തോഷകരമായ നീക്കമാണിതെന്നാണ് ഹോണ്ട ഇന്ത്യയുടെ മേധാവികള്‍ പ്രതികരിക്കുന്നത്.
2016 മുതല്‍ തന്നെ ഇന്ത്യയില്‍ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്ക് നവി സ്കൂട്ടറുകള് കയറ്റുമതി ചെയ്തിട്ടുണ്ട്. ഏഷ്യ, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ 22-ല്‍ അധികം രാജ്യാന്തര വിപണികളിലായി 1.8 ലക്ഷം ഉപയോക്താക്കളാണ് നവി സ്വന്തമാക്കിയിട്ടുള്ളതെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. നഗരത്തിലെ ട്രാഫിക്കുകളില്‍ അനായാസ യാത്ര ഒരുക്കുന്നതും പാര്‍ക്കിങ്ങും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും ഈ വാഹനത്തെ ജനപ്രിയമാക്കുന്നു.

110 സി.സി. പെട്രോള്‍ എന്‍ജിനിലാണ് ഹോണ്ട നവി ഇന്ത്യയില്‍ എത്തിയിരുന്നത്. ഈ എന്ജിന് 109.19 സി.സി. എട്ട് ബി.എച്ച്.പി. പവറും ഒമ്പത് എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഹോണ്ടയുടെ വി-മാറ്റിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 765 എം.എം. സീറ്റ് ഹൈറ്റും 156 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ഈ സ്കൂട്ടറില്‍ നല്‍കിയിട്ടുള്ളത്. 99 കിലോഗ്രാമാണ് ഈ വാഹനത്തിന്റെ ഭാരം. നവിയുടെ ഇന്ത്യന്‍ പതിപ്പ് 45 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നല്‍കിയിരുന്നത്.
അമേരിക്കന്‍ വിപണിയില്‍ മിനിമോട്ടോ എന്ന ടൂ വീലര്‍ ശ്രേണിയിലേക്കാണ് ഹോണ്ട നവി 110 എത്തുന്നത്. ഹോണ്ടയ്ക്ക് വലിയ പാരമ്പര്യമുള്ള ശ്രേണിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലളിതമായ പ്രവര്‍ത്തനം ആകര്‍ഷകമായ ഡിസൈനിങ്ങ്, കുറഞ്ഞ ചെലവ് തുടങ്ങിവയാണ് ഹോണ്ട നവി ഉറപ്പുനല്‍കുന്നത്. ഇരുചക്ര വാഹനം ഓടിക്കാന്‍ പഠിക്കുന്നവര്‍ക്കും പുതിയ റൈഡര്‍മാര്‍ക്കും ആയാസരഹിതമായി ഉപയോഗിക്കാന്‍ ഈ വാഹനമാണ് ഏറ്റവും മികച്ചതെന്നുമാണ് വിലയിരുത്തല്‍.
Content Highlights: Honda Begins NAVi deliveries to US Markets, Honda Navi 110, Honda Scooters, Navi 110
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..