ഹോണ്ട വിദേശ നിരത്തുകളിലെത്തിച്ചിട്ടുള്ള സ്‌പോര്‍ട്‌സ് ബൈക്ക് മോഡലായ സിബിആര്‍ 1000ആര്‍ആര്‍ ഫയര്‍ബ്ലേഡ്, ഫയര്‍ബ്ലേഡ് എസ്പി മോഡലുകള്‍ ഇന്ത്യയിലുമെത്തുന്നു. വരവിന് മുന്നോടിയായി ഈ ബൈക്കുകളുടെ ബുക്കിങ്ങ് ആരംഭിച്ചു. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കിയാണ് ഈ ബൈക്കുകള്‍ നിരത്തിലെത്തുന്നത്. 

2019-ല്‍ മിലാനിലാണ് ഹോണ്ട സിബിആര്‍ 1000 ആര്‍ആറിന്റെ രണ്ട് പതിപ്പുകളും അവതരിപ്പിച്ചത്.  ഹോണ്ട റേസിങ്ങ് കോര്‍പറേഷന്റെ സഹകരണത്തോടെയാണ് ഈ ബൈക്കുകള്‍ വികസിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ബൈക്ക് റേസിങ്ങ് പ്രേമികളെ ആകര്‍ഷിക്കുന്ന ഡിസൈനിലും ദീര്‍ഘദൂര റൈഡിങ്ങിനുള്ള സൗകര്യങ്ങളും ഈ ബൈക്കിന്റെ മുഖമുദ്രയാണ്. 

ആര്‍സി 213വിഎസ് സ്ട്രീറ്റ് ലീഗല്‍ മോട്ടോ ജിപി എന്‍ജിനാണ് ഈ രണ്ട് മോഡലുകള്‍ക്കും കരുത്തേകുന്നത്. ഇതിനുപുറമെ, വാഹനത്തിന് മികച്ച കുതിപ്പ് ഉറപ്പാക്കുന്നതിനായി എയ്‌റോഡൈനാമിക് രൂപകല്‍പ്പനയിലാണ് ഫയര്‍ബ്ലേഡ്, ഫയര്‍ബ്ലേഡ് എസ്പി മോഡലുകള്‍ നിരത്തുകളിലെത്താനൊരുങ്ങുന്നത്. 

മികച്ച റൈഡിങ്ങ് ഉറപ്പാക്കുന്നതിനായി സ്മാര്‍ട്ട് ഇലക്ട്രാണിക് കണ്‍ട്രോള്‍ സസ്‌പെന്‍ഷനാണ് ഹോണ്ട ഇതില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി ഇരട്ട ചാനല്‍ എബിഎസ്, 330 എംഎം ഡിസ്‌കുകളുടെ ബ്രീംബോസ് മെറ്റല്‍ ബ്രേക്ക് കാലിപ്പറുകളും സിബിആര്‍ 1000ആര്‍ആറില്‍ ഒരുക്കിയിട്ടുണ്ട്.

ഈ സ്‌പോര്‍ട്‌സ് ബൈക്കുകളുടെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെങ്കിലും വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ഹോണ്ടയുടെ പ്രീമിയം ഡീലര്‍ഷിപ്പായ ബിഗ്‌വിങ്ങിലാണ് ഈ ബൈക്കുകളുടെ ബുക്കിങ്ങ് ആരംഭിച്ചിട്ടുള്ളത്. ഓഗസ്റ്റ് അവസാനത്തോടെ ഈ ബൈക്കുകള്‍ നിരത്തുകളിലെത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്.

Content Highlights: Honda announces 2020 CBR1000RR-R Fireblade & Fireblade SP India Bookings open