ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യന്‍ ടൂ-വീലര്‍ വ്യവസായ രംഗത്ത് വളര്‍ച്ചയില്‍ പുതിയ റെക്കോഡ് കുറിച്ചു. ഏഴു മാസത്തിനിടയില്‍ 20 ലക്ഷം യൂണിറ്റ് വിറ്റഴിഞ്ഞ ഇന്ത്യയിലെ ഏക ടൂ-വീലര്‍ ബ്രാന്‍ഡ് എന്ന നേട്ടം ഹോണ്ട ആക്റ്റീവ സ്വന്തമാക്കി. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് ഓരോ ഒമ്പതു സെക്കന്‍ഡിലും ഒരു പുതിയ കുടുംബം ആക്റ്റീവ സ്‌കൂട്ടര്‍ സ്വന്തമാക്കുന്നുണ്ട്.  

ഇന്ത്യയില്‍ അവതരിപ്പിച്ച് ഏഴു വര്‍ഷം (2001-2008) കൊണ്ട് 20 ലക്ഷം ഇന്ത്യന്‍ കുടുംബങ്ങളില്‍ ഇടം നേടിയ ആക്റ്റീവ 2017 ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള ഏഴു മാസ കാലയളവില്‍ മാത്രം 20 ലക്ഷം ഉപഭോക്താക്കളെ കൂട്ടിചേര്‍ത്തു. അര ദശകത്തിനിടയില്‍ ടൂ-വീലര്‍ വ്യവസായ രംഗത്ത് 52 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 180 ശതമാനം വളര്‍ച്ച കൈവരിച്ച ആക്റ്റീവയാകട്ടെ ടൂ-വീലര്‍ പ്രചാരണത്തില്‍ പുതിയ റെക്കോഡുകളാണ് കുറിച്ചത്. 2012-13ല്‍ 7.3 ലക്ഷം യൂണിറ്റ് വില്‍പ്പന കുറിച്ച ആക്റ്റീവ മൂന്നിരട്ടി വളര്‍ച്ചയോടെ 2017-18ല്‍ 20 ലക്ഷം യൂണിറ്റിലെത്തി.

ആക്റ്റീവയോടുള്ള ഇന്ത്യയുടെ സ്‌നേഹം വര്‍ധിക്കുകയാണെന്നും ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ടൂ-വീലറായെന്നും കാലത്തിനൊത്ത് സവിശേഷതകളില്‍ വരുത്തിയ മാറ്റങ്ങളാണ് ആക്റ്റീവയെ എന്നും പ്രിയപ്പെട്ട ടൂ-വീലറായി നിലനിര്‍ത്തുന്നതെന്നും ഇന്ത്യയിലെ നമ്പര്‍ വണ്‍ ടൂ-വീലറായി ആക്റ്റീവ തുടരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് ടൂ-വീലര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഹോണ്ടയുടെ 102 സിസി ആക്റ്റീവ 2001-ലാണ് അവതരിപ്പിച്ചത്. അരങ്ങേറ്റ വര്‍ഷം തന്നെ 55,000 യൂണിറ്റ് വില്‍പ്പന കുറിച്ചു. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ആക്റ്റീവ സ്‌കൂട്ടര്‍ വിഭാഗത്തില്‍ മുന്നിലെത്തി. 2005 ഡിസംബറോടെ വില്‍പ്പന 10 ലക്ഷം യൂണിറ്റായി. വര്‍ഷങ്ങള്‍ കടക്കുന്നതിനിടെ ആക്റ്റീവ മാറ്റങ്ങള്‍ ഉള്‍കൊണ്ടു. പ്രചാരണത്തില്‍ വന്‍ കുതിപ്പും നേടി. 2012 ഓടെ വില്‍പ്പന 50 ലക്ഷം യൂണിറ്റ് എന്ന നേട്ടം കുറിച്ചു. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഒരു കോടി യൂണിറ്റ് മറികടന്ന ആദ്യ സ്‌കൂട്ടറായി ആക്റ്റീവ. ഒരു വര്‍ഷത്തിനു ശേഷം 2016-ല്‍ ഹോണ്ടയുടെ ആക്റ്റീവ ഇന്ത്യയിലും ലോകത്തും വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തെത്തി. 1.5 കോടി ഉപഭോക്താക്കളുള്ള ആദ്യ ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ എന്ന സ്ഥാനവും ആക്റ്റീവ സ്വന്തമാക്കി. 

Content Highlights: Honda Activa Scooter 20 Lakh Sales, Activa, Honda Activa, Honda Scooters, Activa 4G, Activa 125