ഹോണ്ട ആക്ടീവ എന്ന വാഹനം സ്‌കൂട്ടറിന്റെ നിര്‍വചനമായി മാറിയിട്ട് 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 2001-ല്‍ വിപണിയില്‍ എത്തിയ ഈ വാഹനത്തിന്റെ 2.5 കോടി യൂണിറ്റാണ് ഇതിനോടകം നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ഇതോടെ ഇന്ത്യയില്‍ 2.5 കോടി ഉപയോക്തക്കളെ സ്വന്തമാക്കുന്ന ആദ്യ സ്‌കൂട്ടര്‍ എന്ന പദവിയും ഹോണ്ട ആക്ടീവ സ്വന്തമാക്കിയിരിക്കുകയാണ്.
വിരലിലെണ്ണാവുന്ന സ്‌കൂട്ടറുകള്‍ മാത്രമുണ്ടായിരുന്ന സാഹചര്യത്തിലാണ് 102 സി.സി. എന്‍ജിനുമായി ഹോണ്ടയുടെ ആദ്യ സ്‌കൂട്ടറായി ആക്ടീവ വിപണിയില്‍ എത്തുന്നത്. സ്‌കൂട്ടറുകളുടെ പ്രതാപകാലമാണ് ഇതോടെ ആരംഭിച്ചത്. തുടര്‍ന്ന് മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ ആക്ടീവയുടെ ജനപ്രീതി വര്‍ധിക്കുകയും നിരവധി നാഴികക്കല്ല് താണ്ടി ഇപ്പോള്‍ 2.5 കോടി ഉപയോക്താക്കളിലെത്തി നില്‍ക്കുന്നു.
2.5 കോടി ഉപയോക്താക്കള്‍ എന്നതിലുപരി 2.5 കോടി കുടുംബങ്ങള്‍ക്ക് യാത്രയൊരുക്കാന്‍ കഴിഞ്ഞെന്നാണ് ഹോണ്ട അഭിപ്രായപ്പെടുന്നത്. 2001-ല്‍ അവതരിച്ച് കേവലം മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ എതിരാളികളില്ലാത്ത സ്‌കൂട്ടറായി വളരാന്‍ ആക്ടീവയ്ക്ക് കഴിഞ്ഞു. പിന്നീടുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഉപയോക്താക്കളെയാണ് ഹോണ്ട ആക്ടീവ സ്വന്തമാക്കിയത്.
കാലഘട്ടത്തിനനുസരിച്ച് സാങ്കേതികവിദ്യയിലും മാറ്റം വരുത്തിയാണ് ആക്ടീവ എത്തിയിരുന്നത്. അതുകൊണ്ടുതന്നെ ആദ്യ 15 വര്‍ഷത്തിനുള്ളില്‍ ഒരു കോടി വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാന്‍ സാധിച്ചു. 2015-ലാണ് ഹോണ്ടയെ തേടി ഈ നേട്ടം എത്തിയത്. കുടുംബങ്ങളുടെ ആദ്യ ചോയിസ് എന്ന നിലയില്‍ എത്തിയതിനാല്‍ ഫാമിലി സ്‌കൂട്ടര്‍ എന്ന ഖ്യാതി ഇതിനിടെ സ്വന്തമാക്കി.
2015-ന് ശേഷമാണ് ആക്ടീവയുടെ വളര്‍ച്ചയ്ക്ക് ശരവേഗം കൈവരിച്ചത്. സ്‌കൂട്ടറുകളുടെ പ്രധാന്യം വര്‍ധിച്ചതോടെ ഹോണ്ട ആക്ടീവയുടെ വളര്‍ച്ചയും മൂന്നിരട്ടി വേഗത്തിലാകുകയായിരുന്നു. 2015 മുതല്‍ 2020 വരെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ആക്ടീവയുടെ ഒന്നര കോടി യൂണിറ്റാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്. നിരവധി എതിരാളികളുണ്ടെങ്കിലും ഇവരെക്കാള്‍ വളരെ മുന്നിലാണ് ആക്ടീവയുടെ സ്ഥാനം.
നവീന സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ ആക്ടീവ മുന്‍പന്തിയിലാണ്. 2001-ല്‍ പുറത്തിറക്കിയതിന് ശേഷം 100-110 സി.സി. എന്‍ജിനിലും കൂടുതല്‍ കരുത്തേറിയ 125 സി.സി. എന്‍ജിലുമെത്തിയത് ആക്ടീവയുടെ ജനപ്രീതി ഉയരാന്‍ സഹായിച്ചെന്നാണ് കമ്പനി വിലയിരുത്തുന്നതെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മേധാവിയായ അത്സുഷി ഒഗാട്ട അഭിപ്രായപ്പെട്ടു.
Content Highlights: Honda Activa crosses 2.5 crore customers mark in just 20 years