ഹോണ്ടയുടെ ജനപ്രിയ സ്‌കൂട്ടറായ ആക്ടീവ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. രാജ്യത്ത് രണ്ട് കോടി യൂണിറ്റ് വില്‍പന കൈവരിക്കുന്ന ആദ്യ സ്‌കൂട്ടറായി ആക്ടീവ മാറിയെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അറിയിച്ചു. 2001-ല്‍ പിറവിയെടുത്ത ആക്ടീവ് 15 വര്‍ഷമെടുത്താണ് ആദ്യ ഒരു കോടി യൂണിറ്റിലെത്തിയത്. എന്നാല്‍ പിന്നീടുള്ള മൂന്ന് വര്‍ഷത്തിനുള്ളില്‍ അടുത്ത ഒരു കോടി യൂണിറ്റുകള്‍കൂടി വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു. 

Activa

രണ്ട് കോടി കുടുംബങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുള്ള നിമിഷമാണിതെന്നും ഹോണ്ട പ്രസിഡന്റും സിഇയുമായ മിനോരു കാറ്റോ പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യയില്‍ മികച്ച മുന്നേറ്റം നടത്തുകയാണ് ഹോണ്ടയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്‌കൂട്ടര്‍ വിപണിയില്‍ സമഗ്രമായ മാറ്റമാണ് ആക്ടീവ സൃഷ്ടിച്ചതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

2001-ല്‍ നിരത്തിലെത്തിയ ആദ്യ വര്‍ഷം 55,000 യൂണിറ്റ് ആക്ടീവയാണ്‌ കമ്പനി വിറ്റഴിച്ചിരുന്നത്. 2003-ല്‍ അഞ്ചു ലക്ഷം യൂണിറ്റും 2005-ല്‍ പത്തു ലക്ഷം മാര്‍ക്കും പിന്നിടാന്‍ ആക്ടീവയ്ക്ക് സാധിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എതിരാളികളെ പിന്നിലാക്കി മികച്ച വിജയം തുടരാന്‍ ആക്ടീവയ്ക്ക് സാധിച്ചു. നിലവില്‍ ആക്ടീവ 5ജി, ആക്ടീവ ഐ, ആക്ടീവ 125 എന്നീ മൂന്ന് വേരിയന്റുകളില്‍ ആക്ടീവ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലുണ്ട്.

Content Highlights; Honda Activa Becomes India's First Automatic Scooter To Cross 20 Million Mark