ദക്ഷിണേന്ത്യയില്‍ 1.5 കോടി ഉപഭോക്താക്കളെന്ന റെക്കോഡ് നേട്ടവുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്.എം.എസ്.ഐ.). പ്രവര്‍ത്തനത്തിന്റെ ഇരുപതാം വര്‍ഷത്തിലാണ് ഈ നേട്ടം കൈവരിച്ചത്. 2001-ല്‍ വില്പന ആരംഭിച്ചതിനു ശേഷം കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ എന്നിവ ഉള്‍പ്പെട്ട ദക്ഷിണ മേഖലയില്‍ 1.5 കോടി യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചതായി ഹോണ്ട അറിയിച്ചു.
ആദ്യത്തെ 75 ലക്ഷം ഉപഭോക്താക്കളെ ചേര്‍ക്കാന്‍ 15 വര്‍ഷം എടുത്തപ്പോള്‍, വെറും അഞ്ചു വര്‍ഷത്തിനുള്ളിലാണ് അടുത്ത 75 ലക്ഷം ഉപഭോക്താക്കളെ ഹോണ്ട സ്വന്തമാക്കിയത്. 2001-ല്‍ ആക്ടീവയിലൂടെയാണ് ഹോണ്ട ദക്ഷിണേന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ആക്ടീവയ്ക്കു പുറമെ ബിഎസ് 6 മോട്ടോര്‍സൈക്കിളുകളായ സി.ഡി. 110 ഡ്രീം, ലിവോ, എസ്.പി. 125, ഷൈന്‍, യൂണികോണ്‍, എക്‌സ്‌ബ്ലേഡ്, ഹോര്‍നെറ്റ് 2.0 എന്നിവയും ഹോണ്ടയുടെ നിരയിലുണ്ട്.
ഇന്ത്യയിലെ മൊത്തം ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ സിംഹഭാഗവും സംഭാവന ചെയ്യുന്നത് ദക്ഷിണേന്ത്യന്‍ വിപണിയാണ്. കേരളത്തിലെ പുതിയ ഇരുചക്ര വാഹന ഉപയോക്താക്കളില്‍ മൂന്നില്‍ ഒരാള്‍ ഹോണ്ടയാണ് തിരഞ്ഞെടുക്കുന്നതെന്നാണ് കണക്ക്. ഇന്ത്യയില്‍ ആക്ടീവയ്ക്ക് പുറമെ, ഹോണ്ടയുടെ ബി.എസ്-6 മോഡലുകളായ സി.ഡി.100 ഡ്രീം, ലിവോ എസ്.പി.125, ഷൈന്‍, യൂണിക്കോണ്‍, എക്‌സ്‌ബ്ലേഡ്, ഹോര്‍നെറ്റ് 2.0 എന്നീ ബൈക്കുകള്‍ക്കും മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.
ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സെക്കിളുകളുടെ വിപണനത്തിനായി ഒരു ഹോണ്ട ബിഗ്‌വിങ് ടോപ്‌ലൈനും അഞ്ച് ബിഗ്‌വിങ്ങ് ഡീലര്‍ഷിപ്പുകളുമാണ് ദക്ഷിണേന്ത്യയില്‍ ഉടനീളം പ്രവര്‍ത്തിക്കുന്നത്. ഹോണ്ട അടുത്തിടെ അവതരിപ്പിച്ച ഹൈനസ് സി.ബി.350-യുടെ വരവോടെ ബിഗ്‌വിങ് ഡീലര്‍ഷിപ്പ് കൂടുതല്‍ മേഖലകളില്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ ബിഗ്‌വിങ് ഡീലര്‍ഷിപ്പുകള്‍ തുറന്നിരുന്നു.
ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ ഇരുചക്ര വാഹനത്തിന്റെ ആദ്യ ചോയ്‌സായി ഹോണ്ടയെ തിരഞ്ഞെടുക്കുന്നതില്‍ അഭിമാനമുണ്ട്. ഈ മേഖലയിലെ ഒന്നര കോടി ഉപയോക്താക്കളോടും നന്ദി പറയുന്നതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മേധാവി അറിയിച്ചു. രണ്ട് പതിറ്റാണ്ടായി ജനങ്ങള്‍ ഹോണ്ടയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തെ തുടര്‍ന്ന് കമ്പനി ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്റായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Honda 2Wheelers India rewrites history in Southern India with 1.5 Crore customers