പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭമായ ഏപ്രില്‍ മാസത്തില്‍ മികച്ച വില്‍പന നേടാന്‍ സാധിച്ചതായി ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ അറിയിച്ചു. 2,83,045 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് ഏപ്രില്‍ മാസത്തില്‍ ഹോണ്ട നിരത്തുകളില്‍ എത്തിച്ചിട്ടുള്ളതെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ട്.

കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തെ തുടര്‍ന്ന് എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് വാഹനങ്ങളുടെ വിതരണം നടത്തുന്നതെന്ന് ഹോണ്ട ടൂ വീലേഴ്‌സ് അറിയിച്ചു. ഹോണ്ടയുടെ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കി കൊണ്ടാണ് ഷോറൂമുകളിലെയും മറ്റും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ആഭ്യന്തര വിപണിയിലെ വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെയാണ് 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ മാസത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. ആഭ്യന്തര വിപണിയില്‍ മാത്രം 2,40,100 ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ട്. കോവിഡ്-19 ന്റെ വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ കഴിഞ്ഞ ഏപ്രിലില്‍ ആഭ്യന്തര വില്‍പ്പന ഉണ്ടായിരുന്നില്ല. 

വിദേശ നിരത്തുകളിലും ശക്തമായ സാന്നിധ്യമാകുക എന്ന ലക്ഷ്യത്തെ തുടര്‍ന്ന് കയറ്റുമതി കാര്യക്ഷമമാക്കുകയാണ് ഹോണ്ട. ഇതിന്റെ ഭാഗമായി 2021 ഏപ്രില്‍ 42,945 വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. 2020 ഏപ്രിലില്‍ ഇത് വെറും 2630 യൂണിറ്റ് മാത്രമായിരുന്നു. 36 മാസത്തിനിടെ ആദ്യമായാണ് ഹോണ്ടയുടെ കയറ്റുമതി 40,000 കടക്കുന്നതെന്നും ഹോണ്ട അറിയിച്ചു. 

ഹോണ്ട ടൂ വിലേഴ്‌സ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ബി.എസ്.6 മോഡലുകള്‍ക്ക് യൂറോപ്പിലും ജപ്പാനിലും വലിയ ഡിമാന്റാണെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. യൂറോപ്പില്‍ എസ്.പി. 125 മോഡലിനാണ് ആവശ്യക്കാര്‍ ഏറെ ഉള്ളതെങ്കില്‍ ജാപ്പാനില്‍ ഹോണ്ടയുടെ ഹൈനസ് സി.ബി. 350, സി.ബി. 350 ആര്‍.എസ് മോഡലുകള്‍ക്കായി ഉയര്‍ന്ന ഡിമാന്റെന്നാണ് സൂചന.

Content Highlights: Honda 2Wheelers India Report High Sale In April 2021