ഹോണ്ടയുടെ പ്രീമിയം ബൈക്കുകള്‍ക്കായുള്ള ഡീലര്‍ഷിപ്പായ ബിഗ്‌വിങ്ങ് ടോപ്പ്‌ലൈന്‍ ഷോറും കൊച്ചിയില്‍ ആരംഭിച്ചു. പ്രീമിയം ബൈക്ക് ശ്രേണിയില്‍ ഹൈനസ് സി.ബി 350 അവതരിപ്പിച്ചതിന് പിന്നാലെയാണ് ബിഗ്‌വിങ്ങിന്റെ പുതിയ ഡീലര്‍ഷിപ്പ് തുറന്നത്. ഇതിന്റെ ഭാഗമായി തന്നെ സര്‍വീസ് സെന്ററും തുറന്നിട്ടുണ്ട്.

സെപ്റ്റംബര്‍ മാസം വിപണിയില്‍ എത്തിയ ഹൈനസ് സി.ബി 350-ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഈ ബൈക്ക് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിഗ്‌വിങ്ങ് സ്റ്റോറുകള്‍ വ്യാപിപ്പിക്കുകയാണ് അടുത്ത ചുവടുവയ്പ്പ്. ഇതിന്റെ ഭാഗമായാണ് കൊച്ചിയിലെ ഷോറൂമെന്നും ഹോണ്ട അറിയിച്ചു.

ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഹോണ്ടയുടെ പ്രീമിയം ബൈക്കുകള്‍ക്കായുള്ള ഡീലര്‍ഷിപ്പായ ബിഗ്‌വിങ്ങിന്റെ ആദ്യ സ്റ്റോര്‍ തുറന്നത്. പിന്നീട് ഇത് രാജ്യത്തെ പല പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഈ സമ്പത്തിക വര്‍ഷം അവസാനത്തോടെ 50 ബിഗ്‌വിങ്ങ് ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് ഹോണ്ടയുടെ ലക്ഷ്യം.

ഹോണ്ടയുടെ ഹൈനസ്-സി.ബി 350, സി.ബി.ആര്‍1000 ആര്‍.ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, സി.ബി.ആര്‍1000 ആര്‍.ആര്‍-ആര്‍ ഫയര്‍ബ്ലേഡ്-എസ്.പി, അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കായ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് തുടങ്ങിയ പ്രീമിയം ബൈക്കുകളെല്ലാം ബിഗ്‌വിങ്ങ് ഡീലര്‍ഷിപ്പുകളിലൂടെയാണ് നിരത്തുകളില്‍ എത്തുന്നത്. 

വാഹനങ്ങള്‍ക്ക് മികച്ച ഡിസ്‌പ്ലേ ലഭിക്കുന്ന ഡിസൈനിലാണ് ബിഗ്‌വിങ്ങ് ഡീലര്‍ഷിപ്പുകള്‍ ഒരുക്കിയിട്ടുള്ളത്. ഇതിനൊപ്പം ഉത്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും ഉപയോക്താവിന് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പരിശീലനം ലഭിച്ച ഹോണ്ടയുടെ പ്രതിനിധികളും ഓരോ സ്‌റ്റോറിലുമുണ്ട്.

Content Highlights: Honda 2Wheelers India inaugurates BigWing Topline in Kochi