കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ വ്യാപനം തടയുന്നതിനായി പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വാഹനങ്ങളുടെ സൗജന്യ സര്‍വീസ് ചെയ്യുന്നതിനും വാറണ്ടി കാലാവധിക്കും കൂടുതല്‍ സമയം അനുവദിച്ച് രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ.

2021 ഏപ്രില്‍ ഒന്നിനും മെയ് 31-നും ഇടയില്‍ അവസാനിച്ച സൗജന്യ സര്‍വീസ്, വാറണ്ടി, എക്‌സ്റ്റെന്റഡ് വാറണ്ടി എന്നിവയ്ക്കാണ് സമയം അനുവദിച്ചിട്ടുള്ളത്. ജൂലൈ 31 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. ഈ കാലയളവില്‍ നഷ്ടപ്പെട്ട സര്‍വീസ് ലഭ്യമാക്കുകയും വാറണ്ടി ആനുകൂല്യം ലഭിക്കുകയും വാറണ്ടി നീട്ടിയെടുക്കാനുമുള്ള അവസരങ്ങള്‍ ഒരുക്കുമെന്നാണ് ഹോണ്ട അറിയിച്ചിട്ടുള്ളത്. 

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് ഷോറൂമിലെത്താനുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് സര്‍വീസിനും മറ്റ് സേവനങ്ങള്‍ക്കും കൂടുതല്‍ സമയം അനുവദിച്ചിട്ടുള്ളതെന്നാണ് നിഗമനം. ഇന്ത്യയിലെ ഭൂരിഭാഗം വാഹന നിര്‍മാതാക്കളും സര്‍വീസിനും വാറണ്ടിക്കും സമയം നീട്ടി നല്‍കിയിട്ടുണ്ട്. 

ഹോണ്ടയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗം നിരവധി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, രാജസ്ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ടപൂകഡ, മനേസര്‍ എന്നിവിടങ്ങളില്‍ 100 കിടക്കകളുള്ള ആശുപത്രി സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഹോണ്ടയുടെ നേതൃത്വത്തില്‍ ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകളും ഒരുങ്ങുന്നുണ്ട്. ഇതിനൊപ്പം കോവിഡ് മുന്‍നിര പോരാളികള്‍ക്കായി പി.പി.ഇ. കിറ്റ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയും വിതരണം ചെയ്യുന്നുണ്ട്.

Content Highlights: Honda 2Wheelers India extends Warranty &Free Service to support customers amidst pandemic