ന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലെ മുന്‍നിര സാന്നിധ്യമായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്റെ കേരളത്തിലെ വില്‍പ്പന 25 ലക്ഷം കടന്നു. 2014-ല്‍ പത്ത് ലക്ഷം ഉപയോക്താക്കള്‍ മാത്രമുണ്ടായിരുന്ന ഹോണ്ട കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളിലാണ് 15 ലക്ഷം ഉപയോക്താക്കളെ പുതുതായി നേടിയത്. 

25 ലക്ഷം എന്ന വലിയ നേട്ടം സമ്മാനിച്ച ഉപയോക്താക്കള്‍ക്കായി ഹോണ്ട സൂപ്പര്‍ സിക്‌സ് എന്ന പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി ഹോണ്ടയുടെ ഉപയോക്താക്കള്‍ക്ക് 11,000 രൂപയുടെ വരെ ആനുകൂല്യമാണ് ഹോണ്ട നല്‍കുന്നത്. നവംബര്‍ 20 വരെ ഈ ഓഫര്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഏറ്റവും കുറഞ്ഞ നിരക്കില്‍ 100 ശതമാനം വരെ വായ്പ, ഇ.എം.ഐ പദ്ധതിയില്‍ 50 ശതമാനം വരെ ഇളവ്, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഇ.എം.ഐ പേമെന്റുകള്‍ക്ക് 5000 രൂപ വരെ ക്യാഷ്ബാക്ക്, പേടിഎം ഉപയോഗിച്ചുള്ള വാങ്ങലിന് 2500 രൂപ വരെ ആനുകൂല്യങ്ങള്‍ തുടങ്ങിയവയാണ് സൂപ്പര്‍ സിക്‌സ് ഓഫറില്‍ ഒരുക്കിയിരിക്കുന്നത്. 

ഇതിനുപുറമെ, ഇന്ത്യയിലെ മികച്ച ഇരുചക്ര വാഹന വിപണിയായ കേരളത്തില്‍ കൂടുതല്‍ മോഡലുകള്‍ എത്തിക്കാനും ഹോണ്ട സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിന്റെ തെളിവായാണ് ഹോണ്ട ആഗോളതലത്തില്‍ അവതരിപ്പിച്ച ഹൈനസ് സി.ബി 350 അവതരിപ്പിച്ച് രണ്ട് ആഴ്ചക്കുള്ളില്‍ കേരളത്തിലുമെത്തിക്കുന്നത്. 

കേരളത്തില്‍ മികച്ച സ്വീകാര്യതയാണ് ഹോണ്ടക്കുള്ളത്. കേരളത്തില്‍ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്ന മൂന്നു പേരില്‍ ഒരാള്‍ ഹോണ്ടയായിരിക്കും തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച പരിഗണനയാണ് ഈ വിപണിക്ക് നല്‍കുന്നതെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ മേധാവി യദ്വീന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു.

Content Highlights; Honda 2Wheelers India crosses25lac customers’ milestone in Kerala