ഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയിലെ ഇരുചക്ര വാഹനവിപണിയില്‍ ശക്തമായ സാന്നിധ്യമാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍. ഇന്ത്യയിലെ കുതിപ്പ് 20-ാം വയസിലേക്ക് കടക്കുന്നതോടെ നമ്മുടെ നിരത്തുകളില്‍ വിറ്റഴിച്ച ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങളുടെ എണ്ണം ലക്ഷങ്ങളും കടന്ന് കോടിയിലെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ അഞ്ച് കോടി ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയതാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. 

ഇന്ത്യയിലെ സ്‌കൂട്ടറുകളില്‍ കിരീടം വയ്ക്കാത്ത രാജാവായി വിലസുന്ന ആക്ടീവയുമായി 2001-ലാണ് ഹോണ്ട ഇന്ത്യന്‍ ഇരുചക്ര വാഹനവിപണിയില്‍ സാന്നധ്യം അറിയിക്കുന്നത്. 20 വര്‍ഷത്തിനുള്ളില്‍ ആക്ടീവയുടെ ആറ് തലമുറകളാണ് വിപണിയില്‍ എത്തിയത്. ഉപയോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിന് ഹോണ്ട നല്‍കിയിട്ടുള്ള പ്രധാന്യമാണ് ഇന്ത്യയില്‍ അതിവേഗമുള്ള വളര്‍ച്ചയ്ക്ക് ഇന്ധനമായതെന്നാണ് ഹോണ്ട ടുവീലേഴ്‌സ് വിശ്വസിക്കുന്നത്. 

രണ്ട് പതിറ്റാണ്ടുകളായി നിരത്തുകളില്‍ ഉണ്ടെങ്കിലും ആദ്യ പത്ത് വര്‍ഷത്തെ വളര്‍ച്ചയ്ക്ക് വേണ്ടത്ര വേഗമുണ്ടായിരുന്നില്ല. ആദ്യത്തെ 11 വര്‍ഷം കൊണ്ടാണ് ഹോണ്ടയുടെ വില്‍പ്പന ഒരു കോടിയിലെത്തുന്നത്. എന്നാല്‍, പിന്നിടങ്ങോട്ട് കണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു വളര്‍ച്ച. അടുത്ത മൂന്ന് വര്‍ഷത്തില്‍ രണ്ട് കോടി, പിന്നീടുള്ള രണ്ട് വര്‍ഷത്തില്‍ 50 ലക്ഷം എന്നിങ്ങനെയായിരുന്നു വില്‍പ്പന. പിന്നീടുള്ള അഞ്ച് വര്‍ഷത്തില്‍ രണ്ടര കോടി ഉപയോക്താക്കളും ഹോണ്ടയിലെത്തി.

ഇന്ത്യയിലെ അഞ്ച് കോടി ഉപയോക്താക്കളുടെ വിശ്വാസവും സ്‌നേഹവുമാണ് പുതിയ നേട്ടങ്ങള്‍ കീഴടക്കുന്നതിന് ഹോണ്ടയ്ക്ക് കരുത്തേകുന്നത് എന്നാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സി.ഇ.ഒ. അഭിപ്രായപ്പെടുന്നത്. തുടര്‍ന്നുള്ള യാത്രകളിലും പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിനും ഇന്ത്യയിലെ ഉപയോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിനും കമ്പനി കാര്യക്ഷമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഈ ഉത്സവ സീസണിന് മുന്നോടിയായി ആഭ്യന്തര വിപണിയില്‍ ഇത്രയും വലിയ വില്‍പ്പനനേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞ ഉത്സവ സമാനമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്നും, ഹോണ്ടയുടെ വാഹനങ്ങള്‍ നിരത്തുകള്‍ നിറഞ്ഞ് ഓടുന്നത് ഏറെ അഭിമാനമുണ്ടാക്കുന്നതാണെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് വിഭാഗം മേധാവി പറഞ്ഞു. ഉപയോക്താക്കളോട് കമ്പനി പ്രതിജ്ഞബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Honda 2Wheelers India breaches 5 crore domestic unit sales milestone