ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പ്രീമിയം ബൈക്കുകള്‍ക്ക് മാത്രമായുള്ള ഡീലര്‍ഷിപ്പ് ബിഗ്‌വിങ്ങ് ഷോറും തലസ്ഥാന നഗരമായ തിരുവനന്തപുരത്തും ആരംഭിച്ചു. പാപ്പനംകോട് കൈമനത്ത് സര്‍ക്കാര്‍ വനിതാ പോളിടെക്നിക്കിന് എതിര്‍വശത്താണ് പുതിയ ഷോറൂം. കേരളത്തിലെ രണ്ടാമത്തെ ബിഗ്‌വിങ്ങ് ഡീലര്‍ഷിപ്പാണിത്.

ഹോണ്ടയുടെ പ്രീമിയം ബൈക്ക് ശ്രേണിയില്‍ ഹൈനസ് സി.ബി.350 എത്തിയതിന് പിന്നാലെയാണ് ബിഗ്‌വിങ്ങ് കേരളത്തിലും തുറന്നത്. സെപ്റ്റംബറില്‍ അവതരിപ്പിച്ച ഹൈനെസ് സി.ബി. 350 ഇടത്തരം മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ക്ക് ആവേശമായിട്ടുണ്ടെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മേധാവി അഭിപ്രായപ്പെട്ടു.

ഹോണ്ട പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലെ ഉത്പന്നങ്ങളെല്ലാം ബിഗ്വിങ്ങിലുണ്ടാകും. ഹൈനെസ് സി.ബി. 350, 2020 ലെ സി.ബി.ആര്‍. 1000 ആര്‍. ആര്‍-ആര്‍, സി.ബി.ആര്‍. 1000 ആര്‍.ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്.പി., ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് തുടങ്ങിയ മോഡലുകളെല്ലാം ബിഗ്‌വിങ്ങിലൂടെയാണ് നിരത്തുകളില്‍ എത്തുന്നത്. 

ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഹോണ്ടയുടെ പ്രീമിയം ബൈക്കുകള്‍ക്കായുള്ള ഡീലര്‍ഷിപ്പായ ബിഗ്വിങ്ങിന്റെ ആദ്യ സ്റ്റോര്‍ തുറന്നത്. പിന്നീട് ഇത് രാജ്യത്തെ പല പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഈ സമ്പത്തിക വര്‍ഷം അവസാനത്തോടെ 50 ബിഗ്വിങ്ങ് ഔട്ട്ലെറ്റുകള്‍ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഹോണ്ട അറിയിച്ചിരുന്നു.

വാഹനങ്ങള്‍ക്ക് മികച്ച ഡിസ്പ്ലേ ലഭിക്കുന്ന ഡിസൈനിലാണ് ബിഗ്വിങ്ങ് ഡീലര്‍ഷിപ്പുകള്‍ ഒരുക്കിയിട്ടുള്ളത്. ഇതിനൊപ്പം ഉത്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും ഉപയോക്താവിന് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പരിശീലനം ലഭിച്ച ഹോണ്ടയുടെ പ്രതിനിധികളും ഓരോ സ്റ്റോറിലുമുണ്ട്.

Content Highlights: Honda 2Wheeler Premium Dealership BigWing Open In Thiruvananthapuram