ന്ത്യയിലെ കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയിലെ മുന്‍നിര മോഡലായ ഹോണ്ടയുടെ ഷൈന്‍ എന്ന മോട്ടോര്‍ സൈക്കിള്‍ 90 ലക്ഷത്തിലേറെ ഉപയോക്താക്കളെ സ്വന്തമാക്കി. 2006-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഈ 125 സി.സി. ബൈക്ക് 14 വര്‍ഷത്തിനുള്ളിലാണ് 90 ലക്ഷം യൂണിറ്റ് നിരത്തുകളില്‍ എത്തിച്ചിട്ടുള്ളതെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അറിയിച്ചു.

ഷൈന്‍ ഉള്‍പ്പെടുന്ന കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയുടെ 39 ശതമാനം വിപണി വിഹിതം സ്വന്തം പേരില്‍ ചേര്‍ത്താണ് ഹോണ്ടയുടെ കുതിപ്പ് തുടരുന്നത്. ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ പരിഗണിച്ചുള്ള ഫീച്ചറുകള്‍ നല്‍കിയെത്തിയതാണ് ഈ ബൈക്കിനെ കൂടുതല്‍ ജനപ്രിയമാക്കിയതെന്നാണ് ഹോണ്ട ഇന്ത്യ അഭിപ്രായപ്പെടുന്നത്. 

2006-ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഹോണ്ട ഷൈന്‍ വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന 125 സി.സി. മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. ആദ്യ 54 മാസത്തിനുള്ളില്‍ പത്ത് ലക്ഷം ഉപയോക്താക്കളെയും 2018-ഓടെ 70 ലക്ഷം ഉപയോക്താക്കളെയും സ്വന്തമാക്കാന്‍ ഷൈനിന് സാധിച്ചിട്ടുണ്ട്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിമാസ വില്‍പ്പനയിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. 2019 നവംബറില്‍ ഷൈനിന്റെ 75,144 യൂണിറ്റാണ് നിരത്തുകളില്‍ എത്തിയത്. എന്നാല്‍, 2020 നവംബറില്‍ ഇത് 94,413 യൂണിറ്റായി ഉയരുകയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 26 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ചയാണ് ഷൈനിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട 125 സി.സി. ബൈക്കാണ് ഷൈന്‍. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന നാല് മോട്ടോര്‍ സൈക്കിളുകളില്‍ 125 സി.സി. വിഭാഗത്തില്‍ ഷൈന്‍ ആണെന്നാണ് ഹോണ്ടയുടെ അവകാശവാദം. ഈ നേട്ടം കമ്പനിക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നതാണെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അറിയിച്ചു.

Content Highlights: Honda 2Wheeler India’s Shine brand crosses 90 Lac+ Customers