ഹെല്‍മെറ്റ് ഇല്ലെങ്കിലെന്താ, ബൈക്കൊന്ന് ഓടിച്ചുകളയാം എന്ന മോഹത്തില്‍ രാജുവിന്റെ ബൈക്ക് ആരും തൊടാന്‍ നില്‍ക്കേണ്ട. ഹെല്‍മെറ്റില്ലാതെ ഓടിക്കാനെന്നല്ല, ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ പോലുമാവില്ല. തിരുവില്വാമല എരവത്തൊടി കണ്ണാറുകാവ് ഗണേശന്റെയും സരസ്വതിയുടെയും മകന്‍ രാജു (24) ആണ് സ്മാര്‍ട്ട് ഹെല്‍മെറ്റ് വികസിപ്പിച്ചെടുത്തത്.

പ്രത്യേക ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ചിരിക്കുന്ന ഈ ഹെല്‍മെറ്റ് തലയില്‍വെയ്ക്കാതെ ബൈക്ക് കിക്ക് ചെയ്തോ സെല്‍ഫ് മുഖാന്തരമോ സ്റ്റാര്‍ട്ടാക്കാനാവില്ല. അബദ്ധവശാല്‍ ഹെല്‍മെറ്റ് ഊരിമാറ്റിയാലും ബൈക്ക് ഓഫാകും. താക്കോലിന്റെ ആവശ്യമില്ലാതെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചും ബൈക്ക് സ്റ്റാര്‍ട്ടാക്കാനും നിര്‍ത്താനുമുള്ള വിദ്യയും പത്താംതരം മാത്രം വിദ്യാഭ്യാസമുള്ള ഈ യുവാവ് വികസിപ്പിച്ചു.

ഹെല്‍മെറ്റ് ധരിക്കാതെ അപകടത്തില്‍പ്പെട്ട് സുഹൃത്ത് ശ്രീനിവാസന്‍ മരിച്ചതിനുപിന്നാലെയാണ് ഇത്തരമൊരു ആശയം മനസ്സിലുദിച്ചത്. ബൈക്ക് മോഷ്ടാക്കളെ പിടിച്ചുകെട്ടാനും ഈ സാങ്കേതികവിദ്യ ധാരാളമാണ്. ഐ.പി. അഡ്രസ്സും പോര്‍ട്ട് നമ്പറും പാസ്വേഡും ഉപയോഗിച്ചാണ് സ്മാര്‍ട്ട് ഫോണിലൂടെ ബൈക്ക് നിയന്ത്രിക്കുന്നത്. ഇതിനാവശ്യമായ ബാറ്ററി സോളാര്‍ പാനല്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യും. ഹെല്‍മെറ്റിനു മുകളിലായാണ് ഈ പാനല്‍ ഘടിപ്പിച്ചിട്ടുള്ളത്.

നിറുത്തിയിട്ടിരിക്കുന്ന ബൈക്കില്‍ മറ്റാരെങ്കിലും കയറിയിരുന്നാല്‍ അലാം അടിക്കുന്ന യന്ത്രം നിര്‍മിച്ചായിരുന്നു സ്മാര്‍ട്ട് ലോകത്തേക്കുള്ള രാജുവിന്റെ എന്‍ട്രി. വര്‍ഷങ്ങള്‍ക്കു മുമ്പാണിത്. മദ്യപിച്ചവര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്താല്‍ ഓണാകാതിരിക്കാനുള്ള യന്ത്രപരീക്ഷണത്തിലാണ് രാജു ഇപ്പോള്‍. പത്താംക്ലാസില്‍ പഠനം നിര്‍ത്തിയ രാജു പിന്നീട് ഇലക്ട്രീഷ്യന്‍ ജോലിയാണ് ജീവിതമാര്‍ഗമായി കണ്ടെത്തിയത്.

Content Highlights: High Tech Helmet, Smart Helmet For Ensure Safety For Two Wheeler Riders