ക്കഴിഞ്ഞ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച ഹീറോ അഡ്വേഞ്ചര്‍ ബൈക്ക് എക്‌സ്പള്‍സ് അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ വില്‍പ്പന അവസാനിച്ച കുഞ്ഞന്‍ അഡ്വേഞ്ചര്‍ ബൈക്കായ 150 സിസി ഇംപള്‍സിന്റെ അല്‍പം ഉയര്‍ന്ന വകഭേദമാണ് എക്‌സ്പള്‍സ്. കാഴ്ചയിലും ഇംപള്‍സുമായി ഏറെ സാമ്യമുണ്ട്. എന്നാല്‍ പുതിയ പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. എന്‍ഫീല്‍ഡ് ഹിമാലയന്റെ പകുതി എന്‍ജിന്‍ കരുത്ത് മാത്രമേ എക്‌സ്പള്‍സിനുള്ളെങ്കിലും അഡ്വേഞ്ചര്‍ ശ്രേണിയില്‍ ഹിമാലയന് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കും. 

ഏത് ദുര്‍ഘട പാതയിലും കുതിച്ചോടുന്ന എക്‌സ്പള്‍സിന് 200 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുക. 20 ബി.എച്ച്.പി പവറും 18 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ലൈറ്റ് വെയ്റ്റ് അഡ്വേഞ്ചറിന് ഇണങ്ങുന്ന തരത്തില്‍ ഭാരം വളരെ കുറവാണ്. 140 കിലോഗ്രാം. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് സ്റ്റാന്റേഡായി നല്‍കും.എബിഎസ്‌ ബ്രേക്കിങ് സംവിധാനവും ഉള്‍പ്പെടുത്തും. വാഹനത്തിന്റെ വില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ലഭിക്കുന്ന സൂചനകള്‍ പ്രകാരം 1.20 ലക്ഷത്തിനുള്ളിലാകും വില. ഹിമാലയനെക്കാള്‍ 50000 രൂപയോളം കുറവാണിത്. 

Content Highlights; Hero Xpulse, Hero Adventure Bike, XPulse Features, XPulse Price, XPulse India