ന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഇന്ത്യയിലെത്തിച്ചിട്ടുള്ള അഡ്വഞ്ചര്‍ ബൈക്കായ എക്‌സ്പള്‍സ് 200-ന്റെ ടൂറിങ്ങ് പതിപ്പായ എക്‌സ്പള്‍സ് 200ടി ബൈക്കിന്റെ 2021 മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഉയര്‍ന്ന എന്‍ജിന്‍ ശേഷിയിലെത്തുന്ന ടൂറിങ്ങ് ബൈക്ക് എന്ന ഖ്യാതി സ്വന്തമാക്കിയിട്ടുള്ള ഈ ബൈക്കിന് 1.13 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. 

മലിനീകരണ നിയന്ത്രണം പാലിക്കുന്ന ബി.എസ്.6 മാനദണ്ഡത്തിലേക്ക് ഉയര്‍ന്നതാണ് എക്‌സ്പള്‍സ് 200ടിയിലെ പ്രധാനമാറ്റം. ആഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഭംഗിയിലാണ് ഈ ബൈക്ക് എത്തിയിട്ടുള്ളത്. ക്രോമിയം ബെസല്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്ടിവിറ്റി നല്‍കിയിട്ടുള്ള എല്‍.സി.ഡി. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ ഈ ബൈക്കിന്റെ ഹൈലൈറ്റാണ്.

ഹീറോയുടെ 200 സി.സി. ബൈക്ക് റേഞ്ചിന്റെ ഭാഗമായാണ് എക്‌സ്പള്‍സ് 200ടിയും എത്തിയിട്ടുള്ളത്. എക്‌സ്പള്‍സ് 200, എക്‌സ്ട്രീം 200എസ് എന്നീ ബൈക്കുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമിലാണ് എക്‌സ്പള്‍സ് 200ടിയും എത്തിയിട്ടുള്ളത്. ടൂറിങ്ങ് ബൈക്ക് ശ്രേണിയിലാണ് എത്തിയതെങ്കിലും അലോയി വീലുകളും അപ്പ്‌റൈറ്റ് റൈഡിങ്ങ് പൊസിഷനും ഈ ബൈക്കിനെ വേറിട്ടതാക്കുന്നുണ്ട്. 

37 എം.എം. ടെലിസ്‌കോപ്പിക്ക് ഫ്രണ്ട് ഫോര്‍ക്ക്, ഏഴ് രീതിയില്‍ ക്രമീകരിക്കാവുന്ന റിയര്‍ മോണോഷോക്ക് എന്നിവയാണ് ഇതില്‍ സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്. 17 ഇഞ്ച് ടയറുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 177 എം.എം. ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. സ്‌പോര്‍ട്‌സ് റെഡ്, പാന്തര്‍ ബ്ലാക്ക്, മാറ്റ് ഷീല്‍ഡ് ഗോള്‍ഡ് എന്നീ മൂന്ന് നിറങ്ങളില്‍ ഈ വാഹനം നിരത്തുകളില്‍ എത്തും. 

ബി.എസ്.6 നിലവാരത്തിലുള്ള 199.6 സി.സി. ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 17.8 ബി.എച്ച്.പി പവറും 16.15 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. വ്യത്യസ്തമായി എക്‌സ്‌ഹോസ്റ്റ് ഡിസൈനും പവറും ടോര്‍ക്കും ഈ വാഹനത്തിന്റെ എമിഷന്‍ മലിനീകരണം കുറയ്ക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Content Highlights: Hero XPulse 200T Launched With BS6 Engine