ഫ് റോഡ് റേസിങ്ങ് ട്രാക്കുകളില്‍ കണ്ട് ശീലിച്ചിരുന്ന ഡിസൈനില്‍ നിരത്തുകളില്‍ എത്തിയ ബൈക്കായിരുന്നു ഹീറോയുടെ എക്‌സ്പള്‍സ് 200. ഫ്‌ളൈ മഡ്ഗാര്‍ഡും ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റും നീളമുള്ള സീറ്റുകളുമൊക്കെയായി എത്തിയ ഈ ബൈക്കിനെ കേരളത്തിലെ യുവാക്കളും മോട്ടോര്‍സൈക്കിള്‍ പ്രേമികളും ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. വരവേല്‍പ്പ് ഗംഭീരമായതോടെ ചുരുങ്ങിയ നാളുകൊണ്ട് തന്നെ കേരളത്തില്‍ 10,000 യൂണിറ്റിന്റെ വില്‍പ്പന നേടിയിരിക്കുകയാണ് ഈ ബൈക്ക്. 

രൂപത്തില്‍ ചെറിയ ബൈക്ക് ആണെങ്കിലും 200 സി.സി. ശേഷിയുള്ള എന്‍ജിനൊപ്പം മികച്ച കരുത്തും ഒരുക്കിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. രാജസ്ഥാനിലെ ജയ്പൂരിലുള്ള ഹീറോയുടെ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ആന്റ് ടെക്‌നോളജി എന്ന റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗമാണ് ഈ ബൈക്കിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. ഹീറോയുടെ പ്രീമിയം പോര്‍ട്ട്‌ഫോളിയോയിലെ സാന്നിധ്യമായാണ് എക്‌സ്പള്‍സ് 200 അഡ്വഞ്ചര്‍ ബൈക്ക് എത്തിച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ 10,000 എക്‌സ്പള്‍സുകളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. ഈ ബൈക്കില്‍ ഒരുക്കിയിട്ടുള്ള സാങ്കേതികവിദ്യയുടെയും ആധുനിക ഡിസൈന്‍ ശൈലിയുടെയും മികവിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് അതിവേഗം 10,000 വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ഇത് ഭാവിയിലും മികച്ച വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ പ്രചോദനമേകുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയുടെ മേധാവി അറിയിച്ചു. 

ഹീറോയുടെ എക്‌സ്-സെന്‍സ് സാങ്കേതികവിദ്യയില്‍ ഒരുങ്ങിയിട്ടുള്ള 200 സി.സി. ഓയില്‍ കൂള്‍ഡ് ബി.എസ്-6 ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ് എക്‌സ്പള്‍സ് 200-ന് കരുത്തേകുന്നത്. ഇത് 18.08 പി.എസ്. പവറും 16.45 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഉറപ്പുനല്‍കുന്നത്. മികച്ച ഡ്രൈവിങ്ങ് അനുഭവവും ഈ വാഹനത്തിന് നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കുന്നുണ്ട്.

2019 ഏപ്രിലിലാണ് ഹീറോ എക്‌സ്പള്‍സ് 200 എന്ന ബൈക്ക് അവതരിപ്പിക്കുന്നത്. 2020-ല്‍ ഇരുചക്ര വാഹന വിപണിയിലെ ഏറ്റവും മികച്ച അംഗീകാരമായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ലഭിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ 10 കോടി ഇരുചത്ര വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിലാണ്. ഇതിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങളും ഹീറോ മോഡലുകള്‍ക്ക് ഒരുക്കുന്നുണ്ട്.

Content Highlights: Hero XPulse 200 Achieve 10,000 Sales Milestone In Kerala