ഹീറോയില്‍ നിന്ന് അടുത്ത കാലത്ത് നിരത്തുകളില്‍ എത്തിയതില്‍ ഏറ്റവും ജനപ്രീതി സ്വന്തമാക്കിയ മോഡലാണ് അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയില്‍ എത്തിയിട്ടുള്ള എക്‌സ്പള്‍സ് 200. റോഡുകളിലും ഓഫ് റോഡുകളിലും കുതിച്ച് പായാന്‍ ശേഷിയുള്ള ഈ വാഹനത്തിന്റെ പുതിയ ഒരു പതിപ്പ് കൂടി ഉത്സവ സീസണിന് മുന്നോടിയായി ഹീറോ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഫോര്‍ വാല്‍വ് എന്‍ജിനുമായെത്തിയ എക്‌സ്പള്‍സ് 200 4V-യാണ് ഹീറോയുടെ ഉത്സവ സമ്മാനം.

ഹോണ്ട അടുത്തിടെ വിപണിയില്‍ എത്തിച്ചിട്ടുള്ള സി.ബി. 200X എന്ന വാഹനവുമായി നേരിട്ടുള്ള മത്സരത്തിനാണ് എക്‌സ്പള്‍സ് 200 4V എത്തിയിട്ടുള്ളത്. 1.28 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ഓണ്‍-റോഡ്, ഓഫ്-റോഡ് കാര്യക്ഷമത, മികച്ച സാങ്കേതികവിദ്യ, പുതുമയുള്ള സ്റ്റൈലിങ്ങ് തുടങ്ങിയവയാണ് എക്‌സ്പള്‍സ് ഫോര്‍ വാല്‍വ് മോഡലിന്റെ പ്രധാന കൈമുതലെന്നാണ് നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് അവകാശപ്പെടുന്നത്. 

Hero XPulse

കൂടുതല്‍ മെച്ചപ്പെട്ട ഡ്രൈവിങ്ങ് അനുഭവം ഉറപ്പാക്കുന്നതിനായി കൂടുതല്‍ കരുത്താര്‍ജിച്ചാണ് പുതിയ മോഡല്‍ എത്തിയിട്ടുള്ളത്. റെഗുലര്‍ മോഡലിനെക്കാള്‍ ആറ് ശതമാനം അധിക പവറും അഞ്ച് ശതമാനം അധിക ടോര്‍ക്കുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 19.1 പി.എസ്. പവറും 17.35 എന്‍.എം. ടോര്‍ക്കുമേകുന്ന 200 സി.സി. ശേഷിയുള്ള നാല് വാല്‍വ് ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഹീറോ എക്‌സ്പള്‍സ് 4V-മോഡലിന് കുതിപ്പേകുന്നത്. 

മികച്ച സീറ്റ് പ്രൊഫൈല്‍, പുതിയ ഡിസൈനിലുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, മെറ്റാലിക് ഫിനീഷിങ്ങിലുള്ള എന്‍ജിന്‍ തുടങ്ങിയവയാണ് ലുക്കില്‍ റെഗുലര്‍ മോഡലില്‍ നിന്ന് പുതിയ മോഡലിനെ വേറിട്ടതാക്കുന്നത്. ഫ്യുവല്‍ ടാങ്ക്, നക്കിള്‍ ഗാര്‍ഡ്, ഉയര്‍ന്ന് നില്‍ക്കുന്ന ഫ്രെണ്ട് ഫെന്‍ഡര്‍, എന്‍ജിന്‍ ഗാര്‍ഡ്, അത്യാവശ്യ വലിപ്പം നല്‍കിയിട്ടുള്ള വിന്‍ഡ് സ്‌ക്രീന്‍, ഉയര്‍ന്ന് നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവ എക്‌സ്പള്‍സ് 200-ല്‍ നിന്ന് കടംകൊണ്ടവയാണ്.

Hero XPulse

ട്യൂബുലാര്‍ ഡയമണ്ട് ഫ്രെയിമിലാണ് ഈ ബൈക്ക് ഒരുങ്ങിയിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോകോക്ക് സസ്‌പെന്‍ഷനുമാണ് ഈ ബൈക്കിലെ യാത്രകള്‍ സുഖകരമാക്കുന്നത്. സിംഗിള്‍ ചാനല്‍ എ.ബി.എസിനൊപ്പം മുന്നില്‍ 276 എം.എമ്മും പിന്നില്‍ 220 എം.എമ്മും വലിപ്പമുള്ള ഡിസ്‌ക് ബ്രേക്കാണ് ഈ ബൈക്കില്‍ സുരക്ഷ ഒരുക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ കണക്ടവിറ്റി, എല്‍.ഇ.ഡി. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ റെഗുലര്‍ മോഡലിലേതിന് സമാനമാണ്.

Content Highlights: Hero Xpulse 200 4V Launched In India, Hero Motocrop