റെനാള്‍നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹീറോയുടെ എക്‌സ്പള്‍സ്‌ 200, 200 ടി മോഡലുകള്‍ നാളെ ഇന്ത്യയില്‍ പുറത്തിറങ്ങുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചില ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പുകള്‍ ഈ മോഡലുകള്‍ക്കുള്ള അനൗദ്യോഗിക ബുക്കിങും ആരംഭിച്ചു. 2000-5000 രൂപ വരെ സ്വീകരിച്ചാണ് ബുക്കിങ്.

X pulse 200

വിപണിയില്‍ നിന്ന് പിന്‍വലിഞ്ഞ ഇംപള്‍സ് ഓഫ് റോഡറിന് പകരക്കാരനായാണ് പുതിയ എക്‌സ്പള്‍സ്‌ മോഡലിനെ ഹീറോ അവതരിപ്പിക്കുന്നത്. എക്‌സ്പള്‍സ്‌ 200 ഓഫ് റോഡര്‍ മോഡലും എക്‌സ്പള്‍സ്‌ 200 ടി ടൂറര്‍ മോഡലുമാണ്. പുറത്തുവന്ന ചിത്രങ്ങള്‍ പ്രകാരം സ്‌പോര്‍ട്ടി രൂപഘടനയ്ക്ക് പ്രധാന്യം നല്‍കിയാണ് രണ്ട് മോഡലും വിപണിയിലെത്തുന്നത്. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഈ രണ്ട് മോഡലുകളും ഹീറോ മോട്ടോകോര്‍പ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. 

Xpulse 200 T
Photo Courtesy; MotorBeam

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ സ്‌പോക്ക്ഡ് വീല്‍ (മുന്നില്‍ 21 ഇഞ്ച് പിന്നില്‍ 18 ഇഞ്ച്), ഓഫ് റോഡ് ടയര്‍, ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ്, സംപ് ഗാര്‍ഡ്, നോക്കിള്‍ ഗാര്‍ഡ്, ഫ്‌ളൈസ്‌ക്രീന്‍, എല്‍ഇഡി ലൈറ്റ് എന്നിവയാണ് എക്‌സ്പള്‍സ്‌ 200 ന്റെ പ്രധാന പ്രത്യേകതകള്‍.  825 എംഎം ആണ് സീറ്റ് ഹൈറ്റ്. പഴയ ഇംപള്‍സുമായി രൂപത്തില്‍ ഏറെ സാമ്യമുണ്ട് എക്‌സ്പള്‍സ്‌ 200 മോഡലിന്. മുന്നിലും പിന്നിലും 17 ഇഞ്ച് അലോയി വീലാണ് എക്‌സ്പള്‍സ്‌ 200 ടിയിലുള്ളത്. റൗണ്ട് ഹെഡ്‌ലൈറ്റ്, ഫ്ളൈസ്‌ക്രീന്‍, നീളമേറിയ ഹാന്‍ഡില്‍ ബാര്‍, സ്‌പോര്‍ട്ട് ഗ്രാബ് റെയില്‍, എല്‍ഇഡി ലൈറ്റ് എന്നിവയാണ് എക്‌സ്പള്‍സ്‌ 200 ടിയുടെ പ്രത്യേകതകള്‍. 

ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ വാഹനത്തിലുണ്ട്. രണ്ടിലും 199.6 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ ഹീറോ എക്‌സ്ട്രീം 200 ആറിലെ അതേ എന്‍ജിനാണിത്. 8000 ആര്‍പിഎമ്മില്‍ 18.1 ബിഎച്ച്പി പവറും 6500 ആര്‍പിഎമ്മില്‍ 17.1 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസും എക്‌സ്പ്ലസിലുണ്ടാകും. 1.10 - 1.20 ലക്ഷത്തിലുള്ളിലായിരിക്കും എക്‌സ്പള്‍സ്‌ മോഡലുകളുടെ വിലയെന്നാണ് ആദ്യ സൂചനകള്‍. 

XPULSE
Photo Courtesy; MotorBeam

Content Highlights; Hero XPulse 200, XPulse 200T, XPulse Booking