രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരത്തിലുള്ള ആദ്യ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് മോഡലാണ് ബിഎസ് 6 എന്‍ജിനിലെത്തിയത്. 64,900 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ബിഎസ് 4 മോഡലിനെക്കാള്‍ ഏഴായിരം രൂപയോളം കൂടുതലാണിത്. 

ബിഎസ് 6 നിലവാരത്തിലുള്ള 113.2 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 9.1 എച്ച്പി പവറും 9.89 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. പുതിയ ഡയമണ്ട് ഫ്രെയ്മിനുള്ളിലാണ് എന്‍ജിന്‍. ബിഎസ് 4 നിലവാരത്തില്‍നിന്ന് ബിഎസ് 6 നിലവാരത്തിലേക്ക് മാറിയതൊഴിച്ചാല്‍ ഫീച്ചേഴ്‌സിലും രൂപത്തിലും വലിയ മാറ്റങ്ങളൊന്നും സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ടിനില്ല. വീല്‍ബേസും ഗ്രൗണ്ട് ക്ലിയറന്‍സും അല്‍പം വര്‍ധിച്ചിട്ടുണ്ട്. സസ്‌പെന്‍ഷനിലും ചെറിയ മാറ്റമുണ്ട്. 

ഡ്യുവല്‍ ഡോണ്‍ ബോഡി, ഡ്യുവല്‍ ടോണ്‍ മിറര്‍, V രൂപത്തിലുള്ള ഹെഡ്‌ലൈറ്റ്, ബ്ലാക്ക് അലോയി വീല്‍, ബ്ലാക്ക് എക്‌സ്‌ഹോസ്റ്റ്, ഫ്‌ളാറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍ എന്നിവയാണ് രൂപത്തില്‍ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ടിന്റെ ഹൈലൈറ്റ്‌സ്. മൈലേജ് ലാഭിക്കുന്ന ഐ3എസ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റം ബിഎസ് 6 മോഡലിലുമുണ്ട്. ടെക്‌നോ ബ്ലൂ ആന്‍ഡ് ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ് ആന്‍ഡ് ബ്ലാക്ക്, ഫോഴ്‌സ് സില്‍വര്‍ ആന്‍ഡ് ഹെവി ഗ്രേ എന്നീ മൂന്ന് ഇരട്ട നിറങ്ങളിലാണ് വാഹനം ലഭ്യമാവുക.

Content Highlights; hero splendor ismart bs6 launched in india, hero bs6 motorcycle