ഹീറോ ഹോണ്ട എന്ന വിശ്വവിഖ്യാത നാമം രണ്ടായി പിരിഞ്ഞ് ഹീറോ മോട്ടോകോര്‍പ് ആയി മാറി പത്ത് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 2011-ലാണ് ഹീറോ മോട്ടോകോര്‍പ് എന്ന കമ്പനിയുടെ ഉദയം. ഈ ആഘോഷത്തിന് കൂടുതല്‍ മാറ്റ് കൂട്ടുന്നതിനായി ഇലക്ട്രിക് സ്‌കൂട്ടറും എത്തിച്ചിരിക്കുകയാണ് കമ്പനി. നിരത്തുകളില്‍ എത്താനിരിക്കുന്ന ഹീറോയുടെ ആദ്യ സ്‌കൂട്ടറിന്റെ ചിത്രമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

പത്താം ആനിവേഴ്‌സറി ആഘോഷങ്ങളുടെ ഭാഗമായി ഹീറോ മോട്ടോകോര്‍പ് എം.ഡി., സി.ഇ.ഒ. പവന്‍ മുംജാന്‍ ആണ് കമ്പനി നിര്‍മിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ വെളിപ്പെടുത്തിയത്. എന്നാല്‍, ഈ സ്‌കൂട്ടറിന്റെ പൂര്‍ണമായ ഡിസൈനും ഫീച്ചറുകളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഈ മോഡലിന് പുറമെ, രണ്ടാമത് ഒരെണ്ണം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് ഹീറോ മോട്ടോകോര്‍പ് മേധാവി അറിയിച്ചിരിക്കുന്നത്. 

പുറത്തുവന്നിട്ടുള്ള ചിത്രങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് സ്റ്റൈലിഷായാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്നിലും പിന്നിലും അലോയി വീലുകളും മികച്ച സസ്‌പെന്‍ഷന്‍ സംവിധാനവും ഇതില്‍ കാണാം. ലൈറ്റുകളെല്ലാം എല്‍.ഇ.ഡിയിലാണ് തീര്‍ത്തിരിക്കുന്നത്. സാങ്കേതിക ഫീച്ചറുകള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ സ്‌കൂട്ടര്‍ ഏറെ വൈകാതെ തന്നെ നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്നാണ് സൂചന.

ഇലക്ട്രിക് ടൂ വീലറിന്റെ നിര്‍മാണത്തിനായി തായ്വാനിലെ ഗോഗോറോ എന്ന ബാറ്ററി നിര്‍മാണ കമ്പനിയുമായി ഹീറോ സഹകരിക്കുന്നുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗോഗോറോ തായ്വാനില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും നിര്‍മിക്കുന്ന കമ്പനിയാണ്. ഇരുകമ്പനിയുടെയും സഹകരണത്തില്‍ 2022-ന്റെ തുടക്കത്തില്‍ ഇ-സ്‌കൂട്ടര്‍ എത്തുമെന്നായിരുന്നു ആദ്യ സൂചനകള്‍.

അതേസമയം തന്നെ, ഹീറോയുടെ തന്നെ ഫിക്സഡ് ബാറ്ററി സ്‌കൂട്ടറുകള്‍ കമ്പനി പരീക്ഷിക്കുന്നുണ്ടെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മാറ്റി സ്ഥാപിക്കാന്‍ സാധിക്കുന്ന ബാറ്ററിക്കായാണ് ഗോഗോറോയുമായി സഹകരിക്കുന്നതെന്നാണ് സൂചന. എന്നാല്‍, ഈ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഹീറോയുടെ ആദ്യ ഇലക്ട്രിക് മോഡല്‍ സ്‌കൂട്ടര്‍ ആയിരിക്കുമെന്നും ഉറപ്പായിരിക്കുകയാണ്. 

Content Highlights: Hero Motocrop Teased Its First Electric Scooter In 10 Anniversary Celebration