കാലത്തിനൊപ്പം മാറാനുള്ള ഒരുക്കത്തിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. ഇതിന്റെ ആദ്യ ചുവടുവയ്‌പ്പെന്നോണം ഹീറോയുടെ ഒമ്പത് ബൈക്കുകള്‍ അണിനിരത്തിയുള്ള വെര്‍ച്വല്‍ ഷോറും ആരംഭിച്ചു. ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ വാങ്ങല്‍ അനുഭവം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഹീറോയുടെ ഈ പുതിയ സംവിധാനം.

വാഹനത്തെ അടുത്ത് അറിയുന്നതിനും ഫീച്ചറുകള്‍ അനുഭവിച്ച് അറിയുന്നതിനും വാങ്ങുന്നതിനുമുള്ള സംവിധാനങ്ങള്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷോറൂമിന്റെയും വാഹനത്തിന്റെയും 360 ഡിഗ്രി വ്യൂയും ഹീറോ വെര്‍ച്വല്‍ ഷോറൂമിലൂടെ ഉറപ്പാക്കുന്നുണ്ട്. അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നതെന്ന് ഹീറോ അറിയിച്ചു. 

ഹീറോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് വെര്‍ച്വല്‍ ഷോറൂമിലെത്തുന്നത്. ഉപയോക്താക്കള്‍ക്ക് ഷോറൂം സന്ദര്‍ശിച്ച അനുഭവം ഒരുക്കുന്നതിനുള്ള സംവിധാനങ്ങള്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ഹീറോ അവകാശപ്പെടുന്നത്. ഇതില്‍ നല്‍കിയിട്ടുള്ള ഓപ്ഷനിലൂടെ ഹീറോയുടെ പ്രതിനിധിയുമായി സംസാരിക്കുന്നതിനുള്ള അവസരവും ഒരുക്കുന്നുണ്ട്. നേരിട്ടുള്ള വാങ്ങലും സാധ്യമാണ്.

ഹീറോയുടെ ഒമ്പത് മോഡലുകളാണ് വെര്‍ച്വല്‍ ഷോറൂമില്‍ എത്തിച്ചിട്ടുള്ളത്. എക്‌സ്ട്രീം 200S, എക്‌സ്പള്‍സ് 200, എക്‌സ്ട്രീം 160R, മാസ്‌ട്രോ എഡ്ജ് 125, പാഷന്‍ പ്രോ, മാസ്‌ട്രോ എഡ്ജ് 110 തുടങ്ങിയ മോഡലുകളാണ് ഇവയില്‍ ചിലത്. ഉപയോക്താവിന് സമീപമുള്ള ഡീലര്‍ഷിപ്പ് തിരഞ്ഞെടുക്കാനും 5000 രൂപ അഡ്വന്‍സ് തുക നല്‍കി ബുക്ക് ചെയ്യാനുള്ള ഓപ്ഷനും ഇതില്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Hero Motocrop Starts Virtual Showroom With Nine Two Wheeler