ന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ എത്തിച്ചിട്ടുള്ള മോഡലാണ് ഗ്ലാമര്‍. സെഗ്‌മെന്റില്‍ വലിയ അംഗീകാരം സ്വന്തമാക്കിയിട്ടുള്ള ഈ ബൈക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായി X-TEC പതിപ്പ് അവതരിപ്പിച്ചു. ഡ്രം, ഡിസ്‌ക് ബ്രേക്ക് വേരിയന്റുകളില്‍ എത്തുന്ന ഈ ബൈക്കിന് യഥാക്രമം 78,900 രൂപയും 83,500 രൂപയുമാണ് എക്‌സ്‌ഷോറും വില.

റെഗുലര്‍ മോഡലില്‍ നിന്ന് വരുത്തിയിട്ടുള്ള നേരിയ ഡിസൈന്‍ മാറ്റത്തിനൊപ്പം കൂടുതല്‍ ഫീച്ചറുകളും നല്‍കിയാണ് ഗ്ലാമറിന്റെ എക്‌സ്-ടെക് പതിപ്പ് വിപണിയില്‍ എത്തിയിട്ടുള്ളത്. ഇന്ത്യന്‍ നിരത്തുകളിലെ മറ്റ് കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി കണക്ടിവിറ്റി ഫീച്ചറുകള്‍ നല്‍കി എത്തിയിട്ടുള്ളതാണ് ഗ്ലാമര്‍ എക്‌സ്-ടെക്കിനെ എതിരാളികളില്‍ നിന്നും മറ്റ് വേരിയന്റുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. 

എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പ്, ബ്ലുടൂത്ത് കണക്ടിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഗൂഗിള്‍ മാപ്പ് സപ്പോര്‍ട്ടുള്ള ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, യു.എസ്.ബി. ചാര്‍ജര്‍, ബാങ്ക് ആംഗിള്‍ സെന്‍സര്‍, സൈഡ് സ്റ്റാന്റ് എന്‍ജിന്‍ കട്ട്-ഓഫ് തുടങ്ങിയ പുതുതലമുറ ഫീച്ചറുകളാണ് ഗ്ലാമര്‍ എക്‌സ്-ടെക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍.

റെഗുലര്‍ ഗ്ലാമറിന് കരുത്തേകുന്ന എന്‍ജിനാണ് എക്സ്-ടെക്കിനും കരുത്തേകുന്നത്. 124.7 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എന്‍ജിനാണ് ഗ്ലാമറിന്റെ ഹൃദയം. ഇത് 10.58 ബി.എച്ച്.പി. പവറും 10.6 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡായിരിക്കും ഇതിലെ ട്രാന്‍സ്മിഷന്‍. ഹോണ്ട എസ്.പി. 125 ആണ് വിപണിയിലെ ഗ്ലാമര്‍ എക്സ്-ടെക്കിന്റെ മുഖ്യ എതിരാളി.

Content Highlights: Hero Motocrop Launches Glamour X-TEC Variant In India