ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക് ആശ്വാസമായി ഹീറോ മോട്ടോകോര്‍പ്പ്. ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കഴിയുന്ന രോഗികള്‍ക്ക് പ്രഥമിക ചികിത്സ നല്‍കുന്നതിനും അവരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും ഫസ്റ്റ് റെസ്‌പോണ്ടര്‍ ബൈക്കുകള്‍ ഒരുക്കി ഹീറോ. ഗുരുഗ്രാമിലെ ആശുപത്രിക്കാണ് ആദ്യ ബൈക്കുകള്‍ കൈമാറിയിരിക്കുന്നത്.
ആംബുലന്‍സിന് സമാനമായി രോഗികളെ കിടത്തി കൊണ്ടുവരാനുള്ള സൗകര്യമുള്ള ബൈക്കുകളാണ് ഫസ്റ്റ് റെസ്‌പോണ്ടര്‍ വാഹനങ്ങളായിരിക്കുന്നത്. കോവിഡ്-19 പ്രതിരോധത്തിനുള്ള ഹീറോയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ഗുരുഗ്രാമിലെ ആശുപത്രിക്കായി രണ്ട് ഫസ്റ്റ് റെസ്‌പോണ്ടര്‍ ബൈക്കുകള്‍ നല്‍കിയിരിക്കുന്നത്.
ഹീറോയുടെ എക്‌സ്ട്രീം 200ആര്‍ ബൈക്കാണ് ഫസ്റ്റ് റെസ്‌പോണ്ടര്‍ വെഹിക്കിള്‍ ആയിരിക്കുന്നത്. ഒരു ഫുള്‍ സ്‌ട്രെച്ചര്‍, മടക്കിവെക്കാന്‍ കഴിയുന്ന ടോപ്പ്, പ്രാഥമിക ചികിത്സയ്ക്കുള്ള മരുന്നുകള്‍, ഓക്‌സിജന്‍ സിലിണ്ടര്‍, ഫയര്‍ എസ്റ്റിഗ്യൂഷര്‍, എല്‍ഇഡി ഫ്‌ലാഷ് ലൈറ്റ്, ബീക്കണ്‍ ലൈറ്റ്. വയര്‍ലെസ് പബ്ലിക്ക് അനൗണ്‍സ്‌മെന്റ് സിസ്റ്റം എന്നിവയാണ് ഈ ബൈക്കിലുള്ളത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹീറോ മോട്ടോകോര്‍പ്പ് 60 ബൈക്ക് ആംബുലന്‍സുകള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു. ഹീറോയുടെ 150 സിസി കരുത്തുള്ള വാഹനമായിരുന്നു ബൈക്ക് ആംബുലന്‍സിനായി ഉപയോഗിച്ചിരുന്നത്. പ്രാഥമിക ചികിത്സ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് ഹീറോ ബൈക്ക് ആംബുലന്‍സുകളും എത്തിച്ചിരുന്നത്.
ഹീറോയുടെ ബൈക്ക് നിരയിലെ തന്നെ കരുത്തന്‍ മോഡലാണ് ഫസ്റ്റ് റെസ്‌പോണ്ടര്‍ വാഹനമായി മാറിയ എക്‌സ്ട്രീം 200ആര്‍. 199.6 സിസി എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഇത് 18.4 പിഎസ് പവറും 17.1 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സുരക്ഷയൊരുക്കുന്നതിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും സിംഗിള്‍ ചാനല്‍ എബിസും നല്‍കുന്നുണ്ട്.
Content Highlights: Hero Motocrop Handover First Responder Vehicles To Civil Hospital