കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പ്രതിസന്ധികള്‍ രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കാന്‍ ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. ഹീറോയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗമായ ഹീറോ വി കെയറിന്റെ ആഭിമുഖ്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നത്. 

ഹീറോയ്‌ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ഹരിദ്വാറിലെ രാമകൃഷ്ണ മിഷന്‍ സേവകേന്ദ്രവും ചേരുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കാനാണ് ഹീറോ സന്നദ്ധത അറിയിച്ചിട്ടുള്ളത്. അടിയന്തര ചികിത്സ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമാക്കുന്നതിനാണ് ഹീറോയുടെ പിന്തുണ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് പ്രതിരോധത്തിന് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കുന്നതിന് പുറമെ, ഡല്‍ഹി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ഹീറോയുടെ മോട്ടോര്‍ സൈക്കിളുകളും സ്‌കൂട്ടറുകളും കൈമാറുമെന്നും ഹീറോ മോട്ടോകോര്‍പ് അറിയിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഹരിയാനയിലെ ദാരുഹെറായിലെ ഏഴ് ആശുപത്രികള്‍ക്കും, ഗുരുഗ്രാമിലെ നാല് ആശുപത്രികള്‍ക്കും,  ഉത്തരാഖണ്ഡിലെ നാല് ആശുപത്രികള്‍ക്കും, ജയ്പൂരിലെ മൂന്ന് ആശുപത്രികളിലും രാജസ്ഥാനിലെ അല്‍വാറിലേയും ഗുജറാത്തിലെ ഹലോലിലേയും ഒരോ ആശുപത്രികള്‍ക്കും ഇതിനോടകം ഹീറോയുടെ മോട്ടോര്‍സൈക്കിളുകള്‍ കൈമാറി കഴിഞ്ഞു. 

ഡല്‍ഹിയിലും ഹരിയാനയിലും ഓക്‌സിജന്‍ ക്ഷാമമുള്ള ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൈമാറുകയും ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പി.പി.ഇ. കിറ്റുകളും നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഹീറോ അറിയിച്ചിട്ടുണ്ട്.