രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഹീറോ മോട്ടോകോര്‍പ് ഒരിക്കല്‍ കൂടി പങ്കാളിയാകുകയാണ്. ഗുരുഗ്രാമിലെ കോവിഡ്-19 കെയര്‍ സെന്ററിലേക്ക് 100 കിടക്കകള്‍ നല്‍കിയാണ് ഹീറോ വീണ്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ചാണ് ഹീറോ കോവിഡ് സെന്ററിലേക്കുള്ള കിടക്കകള്‍ എത്തിച്ചിരിക്കുന്നത്. 

ഗുരുഗ്രാം സെക്ടര്‍ 14-ലുള്ള സര്‍ക്കാര്‍ ഗേള്‍സ് കോളേജ് കോവിഡ് സെന്ററാക്കി മാറ്റാനും ഹീറോ മോട്ടോകോര്‍പ് മുന്‍കൈ എടുത്തിട്ടുണ്ട്. ഈ സെന്ററിലേക്കാണ് ഹീറോയുടെ നേതൃത്വത്തില്‍ 100 കിടക്കകള്‍ കൈമാറിയിട്ടുള്ളത്. കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗമായ ഹീറോ വി കെയറാണ് ഈ ഉദ്യമം നടപ്പാക്കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ ഹീറോയുടെ പിന്തുണ വിലമതിക്കാന്‍ സാധിക്കാത്തതാണ്. പൊതു-സ്വകാര്യ പങ്കാളിത്തതോടെയുള്ള സമൂഹിക പ്രവര്‍ത്തനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഹീറോയുടെ പ്രവര്‍ത്തിയിലൂടെ കാണിച്ച് തരുന്നത്. ഇത്തരത്തില്‍ പൊതു സമൂഹത്തിന്റെ നന്മക്കായി കൂടുതല്‍ സ്ഥാപനങ്ങള്‍ മുന്നോട്ട് വരണമെന്ന് ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണര്‍ അഭിപ്രായപ്പെട്ടു. 

ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുകയെന്നത് സ്വന്തം ഉത്തരവാദിത്വമായാണ് ഹീറോ മോട്ടോകോര്‍പ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗുരുഗ്രാമിലെ പ്രാദേശിക ഭരണകൂടവുമായി സഹകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും തുടര്‍ന്നും കമ്പനിയുടെ സേവനങ്ങള്‍ പ്രതീക്ഷിക്കാമെന്നും ഹീറോ മോട്ടോകോര്‍പ് അറിയിച്ചു. 

കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ ഹീറോയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗം സേവന സന്നദ്ധരായി രംഗത്തെത്തിയിരുന്നു. രാമകൃഷ്ണ മിഷന്‍ സേവാശ്രമത്തിന്റെ സഹകരണത്തില്‍ ഹരിദ്വാറില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹകരിക്കുകയും വിവിധ ആശുപത്രികളില്‍ ഒക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Content Highlights: Hero Motocrop Donates 100 beds In Covid Care Center Gurugram