രുചക്ര വാഹന നിരയിലെ എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. മോഡലുകളുടെയും വിപണിയുടെ അടിസ്ഥാനത്തില്‍ 3000 രൂപ വരെ വില വര്‍ധിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പുതുക്കിയ വില ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വര്‍ഷം രണ്ടാം തവണയാണ് ഹീറോ ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ഈ വര്‍ഷത്തെ ആദ്യ വില വര്‍ധനവ് പ്രഖ്യാപിച്ചത്. 2500 രൂപ വരെയായിരുന്നു ആ വര്‍ധനവ്. വാഹന നിര്‍മാണ സാമഗ്രികളുടെ വില ക്രമാധീതമായി ഉയരുന്ന സാഹചര്യത്തിലാണ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനി നിര്‍ബന്ധിതമായിരുന്നതെന്നാണ് വിശദീകരണം. 

എന്നാല്‍, നിര്‍മാണ സാമഗ്രികളിലുണ്ടായ വില വര്‍ധനവിന്റെ പൂര്‍ണ ആഘാതം ഉപയോക്താക്കളില്‍ എത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഹീറോ സ്വീകരിച്ചിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ഹീറോയ്ക്ക് പുറമെ, ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയും ജൂലൈ ഒന്ന് മുതല്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ധിപ്പിക്കുന്ന തുക മാരുതി വെളിപ്പെടുത്തിയിട്ടില്ല.

ലോക്ഡൗണിനെ തുടര്‍ന്ന് വില്‍പ്പനയിലും കാര്യമായ തിരിച്ചടിയാണ് ഹീറോയ്ക്ക് ഉണ്ടായിട്ടുള്ളത്. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മെയിലെ വില്‍പ്പനയില്‍ 50.83 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നാണ് വിവരം. അതേസമയം, 2020 മെയ് മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 62.44 ശതമാനത്തിന്റെ കുതിപ്പാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Content Highlights: Hero Motocrop Announce Second Price Hike For The Year 2021