ന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പില്‍ നിന്നും മറ്റൊരു കരുത്തന്‍ സ്‌കൂട്ടര്‍ കൂടി നിരത്തുകളില്‍ എത്തുന്നു. 125 സി.സി. സ്‌കൂട്ടര്‍ ശ്രേണിയില്‍ ഹീറോ എത്തിച്ചിട്ടുള്ള മാസ്‌ട്രോ എഡ്ജാണ് മുഖം മിനുക്കലിനൊപ്പം കണക്ടിവിറ്റി ഫീച്ചറുകളുടെയും അകമ്പടിയില്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. 

പ്രിസ്മാറ്റിക് യെല്ലോ, പ്രിസ്മാറ്റിക് പര്‍പ്പിള്‍ എന്നീ രണ്ട് നിറങ്ങള്‍ക്കൊപ്പം ബ്ലുടൂത്ത് കണക്ടിവിറ്റിയും നല്‍കിയാണ് മാസ്‌ട്രോ എഡ്ജിന്റെ പുതിയ പതിപ്പ് എത്തിയിട്ടുള്ളത്. ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക്, കണക്ട്ഡ്  എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ മോഡലിന് യഥാക്രമം 72,250 രൂപ, 76,500 രൂപ, 79,750 രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. 

ഡിസൈനിലും ഫീച്ചറുകളിലും പൂര്‍ണമായും ന്യൂജെന്‍ ഭാവത്തിലാണ് മാസ്‌ട്രോ എഡ്ജ് എത്തിയിട്ടുള്ളത്. ബ്ലാക്ക് സ്‌മോഗ്ഡ് ആയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഗ്രാഫിക്‌സുകള്‍ നല്‍കിയുള്ള അലങ്കാരം എന്നിവ അഴകിന് മാറ്റ് കൂട്ടുമ്പോള്‍ ഡിജിറ്റല്‍ സപീഡോമീറ്റര്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ബ്ലുടൂത്ത് കണക്ടിവിറ്റി എന്നിവ ഫീച്ചര്‍ സമ്പന്നമാക്കും.

ഹീറോ വാഹനനിരയിലെ എല്ലാ മോഡലുകളും കൂടുതല്‍ സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായാണ് മാസ്‌ട്രോ എഡ്ജും മുഖം മിനുക്കി എത്തിയിട്ടുള്ളതെന്നാണ് വിവരം. ഇന്ത്യയിലെ 125 സി.സി. സ്‌കൂട്ടര്‍ ശ്രേണിയില്‍ സുപ്രധാന സാന്നിധ്യമാണ് മാസ്‌ട്രോ എഡ്ജ് എന്നും അതിനാലാണ്  മാറ്റം ഇതില്‍ നിന്ന് തുടങ്ങിയതെന്നും ഹീറോ അഭിപ്രായപ്പെട്ടു.

കണക്ടിവിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും മെക്കാനിക്കലായി മാറ്റം വരുത്താതെയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. എക്‌സ്‌സെന്‍സ് സാങ്കേതികവിദ്യയിലുള്ള 124.6 സി.സി. എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഒമ്പത് ബി.എച്ച്.പി. പവറും 10.4 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Content Highlights: Hero Launch Updated Maestro Edge With Bluetooth Connectivity