രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഐ3എസ് ടെക്‌നോളജി ഉള്‍പ്പെടുത്തി എച്ച്.എഫ് ഡിലക്‌സ് വിപണിയിലെത്തിച്ചു. 46,630 രൂപയാണ് പുതിയ എച്ച്.എഫ് ഡിലക്‌സിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമതയും ട്രാഫിക് കുരുക്കില്‍ റൈഡര്‍ക്ക് ഏറെ സൗകര്യവും ഒരുക്കിയാണ് i3S എച്ച്.എഫ് ഡിലക്‌സ് പുറത്തിറങ്ങുന്നത്. 

പുതിയ ഗ്രാഫിക്‌സ് ഡിസൈന് പുറമേ i3s (ഐഡിയല്‍ സ്റ്റര്‍ട്ട് സ്റ്റോപ്പ്) സംവിധാനമാണ് വാഹനത്തിലെ പ്രധാന മാറ്റം. ട്രാഫിക് സിഗ്നലിലും മറ്റും കുടുങ്ങിയാല്‍ നിശ്ചലാവസ്ഥയില്‍ ബൈക്ക് ന്യൂടെല്‍ ഗിയറിലാക്കിയാല്‍ ഓട്ടോമാറ്റിക്കായി എഞ്ചിന്‍ ഓഫാകുകയും പിന്നീട് ക്ലച്ച് അമര്‍ത്തിയാല്‍ ഓട്ടോമാറ്റിക്കായി എഞ്ചിന്‍ ഓണാകുകയും ചെയ്യുന്ന സംവിധാമാണ് i3s. ഇതുവഴി അനാവശ്യ ഇന്ധന ഉപയോഗം തടയാനാകും. 

ഏകദേശം 88.5 കിലോമീറ്റര്‍ ഇന്ധനക്ഷമത i3s എച്ച്എഫ് ഡിലക്‌സിന് ലഭിക്കും. ഗ്രാഫിക്‌സിന് പുറമേ രൂപത്തിലും മെക്കാനിക്കല്‍ ഫീച്ചേര്‍സിലും മാറ്റമില്ല. ഭാരത് സ്റ്റേജ് 4 നിലവാരം കൈവരിച്ചതാണ് എഞ്ചിന്‍. 92.7 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 8000 ആര്‍പിഎമ്മില്‍ 8.2 ബിഎച്ച്പി കരുത്തും 5000 ആര്‍പിഎമ്മില്‍ 8.05 എന്‍എം ടോര്‍ക്കുമേകും. ഫോര്‍ സ്പീഡാണ് ഗിയര്‍ബോക്‌സ്. ബ്ലാക്ക്-ബ്ലൂ, ബ്ലാക്ക്-റെഡ്, ബ്ലാക്ക്-പര്‍പ്പിള്‍ എന്നീ മൂന്ന് ഡ്യുവല്‍ ടോണ്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകും.