രിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കി ഹീറോ ഇലക്ട്രിക്‌സ് നിര്‍മിച്ച പുതിയ ഇലക്ട്രിക് ഇരുചക്രവാഹനം ഫ്‌ളാഷ് ഇ-സ്‌കൂട്ടര്‍ ഡല്‍ഹിയില്‍ നടന്ന ഗ്രീന്‍ മൊബിലിറ്റി എക്‌സ്‌പോയില്‍ പുറത്തിറക്കി. 250W  ഇലക്ട്രിക് മോട്ടോര്‍ കരുത്തേകുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് 19,990 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഇലക്ട്രിക് വാഹനങ്ങള്‍ ആദ്യമായി ഉപയോഗിക്കുന്ന കസ്റ്റമേഴ്‌സിനെ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ മോഡല്‍ പുറത്തിറക്കിയത്. 

കരുത്തില്‍ വളരെ പിന്നിലാണെങ്കിലും രൂപത്തില്‍ സ്‌കൂട്ടറുകളുടെ തനത് രൂപത്തിലാണ് ഫ്‌ളാഷ് ഇ-സ്‌കൂട്ടര്‍. മുന്‍ഭാഗത്തെ വലിയ ഹെഡ്‌ലൈറ്റും ഹാന്‍ഡില്‍ ബാറിലെ ഇന്‍ഡികേറ്ററുമാണ് മുന്‍ഭാഗത്തിന് ഭംഗി പകരുന്നത്. റൈഡര്‍ക്ക് സൗകര്യപ്രദമായി കൂടുതല്‍ സ്ഥലസൗകര്യം ഫൂട്ട്‌ബോര്‍ഡിലുണ്ട്. തരക്കേടില്ലാത്ത യാത്രാസുഖം പ്രദാനം ചെയ്യുന്നതാകും സീറ്റുകള്‍. ഫുള്‍ ബോഡി ക്രാഷ് ഗാര്‍ഡും വാഹനത്തിലുണ്ട്. റെഡ്-ബ്ലാക്ക്, സില്‍വര്‍-ബ്ലാക്ക് എന്നീ രണ്ട് ഡ്യുവല്‍ടോണ്‍ നിറങ്ങളില്‍ വാഹനം ലഭ്യമാകും.

Flash E-Scooter

250 W ഇലക്ട്രിക് മോട്ടറിനോട് ചേര്‍ന്ന 48 വോള്‍ട്ട് VRLA ബാറ്ററിയാണ് ഫ്‌ളാഷ് ഇ-സ്‌കൂട്ടറിന് ഊര്‍ജം പകരുക. ഒറ്റ ചാര്‍ജില്‍ പരമാവധി 65 കിലോമീറ്റര്‍ കുതിക്കാം. ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ 6 മുതല്‍ 8 മണിക്കൂര്‍ ആവശ്യമാണ്. മണിക്കൂറില്‍ 25 കിലോമീറ്ററായിരിക്കും പരമാവധി വേഗം. 16 ഇഞ്ച് അലോയി വീലുള്ള സ്‌കൂട്ടറിന് ഏകദേശം 87 കിലോഗ്രാം ആണ് ഭാരം. കുറഞ്ഞ വിലയിലെത്തുന്ന ഫ്‌ളാഷ് ഇ-സ്‌കൂട്ടറില്‍ പെട്ടെന്ന് വിപണി പിടിക്കാമെന്ന പ്രതീക്ഷിയിലാണ് ഹീറോ ഇലക്ട്രിക്‌സ്.