ഹീറോയുടെ ഇരുചക്ര വാഹന നിരയിലെ ആദ്യ 125 സ്‌കൂട്ടറായ ഡെസ്റ്റിനി 125-ന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ കേരളത്തിലെ വിപണിയിലെത്തി തുടങ്ങി. ഡെസ്റ്റിനി എല്‍എക്‌സ്, വിഎക്‌സ് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ സകൂട്ടറിന് യഥാക്രമം 75,353 രൂപയും 76,000 രൂപയുമാണ് കേരളത്തിലെ എക്‌സ്‌ഷോറും വില. 

മലിനീകരണം നിയന്ത്രിക്കുന്നതിനായി ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കിയതിനൊപ്പം ഹീറോയുടെ ഐ3എസ് സാങ്കേതികവിദ്യയും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഐ3എസിന്റെ അടിസ്ഥാനത്തില്‍ 11 ശതമാനം ഇന്ധനക്ഷമത ഉയരുകയും 10 ശതമാനം ആക്‌സിലറേഷന്‍ കൂടിയിട്ടുമുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

125 സിസി ശേഷിയുള്ള ഫ്യുവല്‍ ഇഞ്ചക്ഷന്‍ എക്‌സ്‌സെന്‍സ് ടെക്‌നോളജി എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 7000 ആര്‍പിഎമ്മില്‍ 9 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍10.4 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. സുരക്ഷ ഒരുക്കുന്നതിനായി ഓപ്ഷണല്‍ ഡിസ്‌ക് ബ്രേക്ക് സംവിധാനം ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡിസൈന്‍ ശൈലിയിലും എതിരാളികളെ പിന്നിലാക്കുന്ന സൗന്ദര്യമാണ് ഡെസ്റ്റിനിക്കുള്ളത്. ഹീറോ സിഗ്നേച്ചര്‍ എല്‍ഇഡ് ഹെഡ്‌ലാമ്പ്, ക്രോമിയം ഫിനീഷിങ്ങിലുള്ള ലോഗോ, ഡിജിറ്റല്‍ ഡിസ്‌പ്ലേ, സര്‍വീസ് റിമൈന്‍ഡര്‍, സൈഡ് സ്റ്റാന്റ് ഇന്റിക്കേറ്റര്‍, ബൂട്ട് ലൈറ്റ് തുടങ്ങിയ ഫീച്ചറുകളും ഡെസ്റ്റിനിയില്‍ ഇടം നേടിയിട്ടുണ്ട്.

Content Highlights: Hero Destini Launched With BS6 Engine And Fi Technology